KERALABREAKING
Trending

മന്ത്രിയായി സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് ഒ ആര്‍ കേളു; വയനാട്ടില്‍ നിന്നുള്ള സിപിഐഎമ്മിന്റെ ആദ്യ മന്ത്രി

 

O R Kelu take oath as Minister in Pinarayi vijayan cabinet

രണ്ടാം പിണറായി മന്ത്രിയഭയിലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒ ആര്‍ കേളു. കെ രാധാകൃഷ്ണന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് എംപിയായ പശ്ചാത്തലത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമവകുപ്പാണ് ഒ ആര്‍ കേളുവിന് ലഭിച്ചിരിക്കുന്നത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും മറ്റ് മന്ത്രിമാരുടേയും സാന്നിധ്യത്തിലാണ് ഒ ആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുള്ള എംഎല്‍എയാണ് ഒ ആര്‍ കേളു. വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഐഎം മന്ത്രികൂടിയാകുകയാണ് അദ്ദേഹം.

കെ രാധാകൃഷ്ണന്റെ വകുപ്പായിരുന്ന ദേവസ്വം വകുപ്പ് ഒ ആര്‍ കേളുവിന് നല്‍കാത്തതില്‍ വിമര്‍ശനം ഉന്നയിച്ചെങ്കിലും പ്രതിപക്ഷവും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ചടങ്ങിലെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമാണ് ഒ ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയും ഗവര്‍ണറും ചടങ്ങില്‍ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ചടങ്ങില്‍ ഉടനീളം ഇരുവരും പരസ്പരം മുഖത്തുനോക്കാതെ നിന്ന് പിരിയുകയായിരുന്നു. എങ്കിലും സ്പീക്കര്‍ക്ക് ഹസ്തദാനം നല്‍കിയാണ് ഗവര്‍ണര്‍ മടങ്ങിയത്. ഒ ആര്‍ കേളുവിന്റെ കുടുംബാംഗങ്ങളും അയല്‍ക്കാരും ഉള്‍പ്പെടെ ചടങ്ങിലെത്തിയിരുന്നു.

വയനാട്ടില്‍ നിന്നുള്ള സിപിഐഎമ്മിന്റെ ആദ്യ മന്ത്രിയാണ് ഒആര്‍ കേളു. പികെ ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തില്‍നിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധി കൂടിയാണ് കേളു.

അതിനിടെ കെ രാധാകൃഷ്ണനില്‍ നിന്നും കേളുവിലേക്ക് മന്ത്രി സ്ഥാനം മാറിയപ്പോള്‍ പട്ടികജാതി ക്ഷേമവകുപ്പ് മാത്രം കേളുവിന് നല്‍കിയത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വിഎന്‍ വാസവനും പാര്‍ലമെന്ററി കാര്യം എംബി രാജേഷിനുമാണ് നല്‍കിയത്. ഒആര്‍ കേളുവിന് ദേവസ്വം നല്‍കാത്തത് തെറ്റായ തീരുമാനമെന്ന് പ്രതിപക്ഷം പ്രതികരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button