BREAKINGINTERNATIONALNATIONAL
Trending

അമിത്ഷായുടെ വിവാദ വീഡിയോ: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എക്‌സിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ചതിന് എക്സില്‍ നിന്നും നേതാക്കള്‍ക്ക് നോട്ടീസ് ലഭിച്ചതായി കോണ്‍ഗ്രസ്. വിവാദ വീഡിയോ പോസ്റ്റ് ചെയ്ത നേതാക്കള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് എക്‌സ് നോട്ടീസ് അയച്ചതെന്നാണ് സൂചന. വിഷയത്തില്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ എക്സിനോട് വിശദീകരണം തേടിയിരുന്നു. രാജ്യസഭയില്‍ ബി ആര്‍ അംബേദ്കറെ കുറിച്ച് അമിത് ഷാ നടത്തിയ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത വീഡിയോകള്‍ കോണ്‍ഗ്രസ് പങ്കുവെക്കുന്നുവെന്ന് ബിജെപി ആരോപിച്ചതിന് പിന്നാലെയാണിത്.
ഇന്ത്യന്‍ ഭരണഘടനാ ശില്പിയായ അംബേദ്കറെ അപമാനിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിനെതിരെ അമിത്ഷാ ആഞ്ഞടിച്ചത്. എന്നാല്‍ ഇത് ഇരു സഭകളിലും വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയത്. ”അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍ എന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നുവെന്നും ഇത്രയും തവണ ദൈവത്തിന്റെ പേര് വിളിച്ചിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം ലഭിക്കുമായിരുന്നു”വെന്നും അമിത് ഷാ പ്രസംഗത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് അവരുടെ പഴയ തന്ത്രങ്ങള്‍ ഉപയോഗിച്ചെന്നും വളച്ചൊടിച്ച വസ്തുതകള്‍ അവതരിപ്പിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും അംബേദ്കറെ ഒരിക്കലും അപമാനിക്കാത്ത ഒരു പാര്‍ട്ടിയില്‍ നിന്നാണ് താന്‍ വരുന്നതെന്നുമായിരുന്നു വിവാദ പ്രസംഗത്തിന് ശേഷം അമിത്ഷാ നടത്തിയ പ്രതികരണം.
അതേസമയം, അംബേദ്കര്‍ പ്രതിമയ്ക്ക് സമീപം സഖ്യ എംപിമാരുടെ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. അംബേദ്കറിന്റെ ചിത്രങ്ങളുമായി നീല വസ്ത്രങ്ങള്‍ അണിഞ്ഞാണ് നേതാക്കളുടെ പ്രതിഷേധം.

Related Articles

Back to top button