BREAKINGKERALA

അവസാന നിമിഷം ജി സുധാകരന്‍ പിന്മാറി; ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തില്ല

ആലപ്പുഴ: ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ പരിപാടി ഉദ്ഘാടനത്തില്‍ നിന്ന് സിപിഎം നേതാവ് ജി.സുധാകരന്‍ പിന്മാറി. സിപിഎം വേദികളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതിനിടെ ജി സുധാകരന്റെ വീട്ടില്‍ വച്ച് നടത്താനിരുന്ന പരിപാടിയില്‍ നിന്ന് അവസാന നിമിഷമാണ് പിന്മാറ്റം. ഇതിനായി എല്ലാ തയ്യാറെടുപ്പും നടത്തി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ജി സുധാകരന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വിവാദത്തിന് താത്പര്യമില്ലെന്ന് വ്യക്തമാക്കി ജി സുധാകരന്‍ പിന്മാറുകയായിരുന്നു.
പാര്‍ട്ടി ഒഴിവാക്കുന്നുവെന്ന പ്രതീതി നിലനില്‍ക്കുമ്പോള്‍ യുഡിഎഫിലെ പ്രബല കക്ഷിയുടെ മുഖപത്രത്തിന്റെ പ്രചാരണ പരിപാടിക്ക് സുധാകരന്‍ തുടക്കം കുറിച്ചാല്‍ അത് പുതിയ രാഷ്ട്രീയ വിവാദമായി മാറുമെന്ന വിലയിരുത്തലിലാണ് പരിപാടിയില്‍ നിന്ന് അദ്ദേഹം പിന്മാറിയതെന്നാണ് വിവരം. വീട്ടിലെത്തിയ മുസ്ലിം ലീഗ് നേതാക്കളോട് താന്‍ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യില്ലെന്ന് ജി സുധാകരന്‍ അറിയിച്ചതോടെ ഇവര്‍ ഇവിടെ നിന്നും മടങ്ങി.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രചാരണ ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കാന്‍ ജി. സുധാകരന്‍ ആവശ്യപ്പെട്ടതാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എഎം നസീര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആവശ്യം തങ്ങള്‍ അംഗീകരിച്ചുവെന്നും വിവാദങ്ങളിലേക്ക് പോകാന്‍ തങ്ങള്‍ക്കും താത്പര്യമില്ലെന്ന് നസീര്‍ വ്യക്തമാക്കി. ചന്ദ്രിക പ്രചാരണ പരിപാടി ഉദ്ഘാടനം ജി സുധാകരന്റെ സൗകര്യം നോക്കി മറ്റൊരു ദിവസം നടത്തുമെന്നും നസീര്‍ പറഞ്ഞു.

Related Articles

Back to top button