BREAKINGINTERNATIONAL

ആക്രമണങ്ങളും ഓണ്‍ലൈന്‍വഴി വ്യാജപ്രചാരണങ്ങളും; ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ഭീതിയില്‍, ആശങ്കയറിയിച്ച് സി.പി.എം.

ധാക്ക: ആഭ്യന്തരകലാപത്തിന്റെ നിഴലിലുള്ള ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരേ അക്രമസംഭവങ്ങള്‍ പെരുകിയതോടെ കടുത്തഭീതിയില്‍ ഹിന്ദുക്കള്‍. അക്രമസംഭവങ്ങള്‍ പെരുപ്പിച്ചുകാട്ടിയും മറ്റും ഓണ്‍ലൈന്‍മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ-വിദ്വേഷപ്രചാരണങ്ങള്‍ അതിന് ആക്കംകൂട്ടുന്നു.
പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന രാജ്യത്തുനിന്ന് പലായനം ചെയ്തതിനുപിന്നാലെ തന്റെ കുടുംബം ആള്‍ക്കൂട്ട ആക്രമണത്തിനിരയായെന്നും അമ്മാവന്റെ കട പ്രക്ഷോഭകര്‍ നശിപ്പിച്ചെന്നും യുവപ്രൊഫഷണലായ തനുശ്രീ ഷാഹ പറഞ്ഞു. ഇതോടെ ഹിന്ദുക്കളായ തന്റെ സുഹൃത്തുക്കളെല്ലാം പേടിച്ചുകഴിയുകയാണ്. ഒട്ടേറെ ഹിന്ദുക്കള്‍ അയല്‍രാജ്യങ്ങളിലെ ബന്ധുക്കളുടെ അടുത്തേക്കുപോകാന്‍ ശ്രമിക്കുകയാണെന്നും അവര്‍ സൂചിപ്പിച്ചു. ഇടക്കാലസര്‍ക്കാര്‍ തങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ധാക്ക സര്‍വകലാശാലയില്‍ ആയിരക്കണക്കിന് ഹിന്ദുക്കള്‍ റാലി നടത്തി. ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗ് ഹിന്ദുക്കള്‍ക്ക് ഉറച്ചപിന്തുണ നല്‍കിയിരുന്നു. എന്നാല്‍, ഭരണവിരുദ്ധപ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ വീണതോടെ ഹിന്ദുക്കള്‍ക്കുനേരേ വ്യാപക ആക്രമണമുണ്ടായി.
ജൂലായ് പാതിയോടെ ആരംഭിച്ച വിദ്യാര്‍ഥിപ്രക്ഷോഭത്തിനിടെ ന്യൂനപക്ഷങ്ങള്‍ക്കുനേരേ ഇരുനൂറിലേറെ ആക്രമണങ്ങള്‍ ബംഗ്ലാദേശിലുണ്ടായെന്ന് മനുഷ്യാവകാശസംഘടനകള്‍ പറയുന്നു. 17 കോടി വരുന്ന ബംഗ്ലാദേശ് ജനസംഖ്യയുടെ എട്ടുശതമാനം ഹിന്ദുക്കളാണ്. അവരാണ് രാജ്യത്തെ ഏറ്റവുംവലിയ മതന്യൂനപക്ഷം.
ബംഗ്ലാദേശിലെ ഹിന്ദു ആരാധനാലയങ്ങള്‍ക്കുനേരേയുണ്ടായ ആക്രമണങ്ങളില്‍ സി.പി.എം പൊളിറ്റ്ബ്യൂറോ ആശങ്ക രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനോട് സി.പി.എം. ആവശ്യപ്പെട്ടു.
ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തെത്തുടര്‍ന്ന് മതമൗലികവാദികള്‍ ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യമിടുകയാണ്. ഹിന്ദുക്കള്‍ക്കുനേരേയുള്ള ആക്രമണങ്ങളില്‍ ഒട്ടേറെ ക്ഷേത്രങ്ങളും വീടുകളും വ്യാപാരസ്ഥാപനങ്ങളും നശിപ്പിച്ചു. അവാമി ലീഗ് പാര്‍ട്ടിയുമായി ബന്ധമുള്ള രണ്ട് ഹിന്ദുനേതാക്കളെങ്കിലും അക്രമങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ ഇന്ത്യന്‍സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സി.പി.എം. വ്യക്തമാക്കി.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കുനേരേയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഹിന്ദുസംഘടനയായ സനാതന്‍ സേവക് സംഘ് പ്രവര്‍ത്തകര്‍ യു.പി.യിലെ സംഭാലില്‍ മാര്‍ച്ച് നടത്തി.
അക്രമം നടത്തുന്നവര്‍ക്കെതിരേ പ്രധാനമന്ത്രി സര്‍ജിക്കല്‍ സ്‌ട്രെക്ക് നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button