BREAKINGINTERNATIONALNATIONAL

ആധാര്‍ തിരുത്തലില്‍ കര്‍ശന നിയന്ത്രണം; പേരിലെ അക്ഷരം തിരുത്താന്‍ ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

ആലപ്പുഴ: പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന ആധാര്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്‌ക്കൊപ്പം നല്‍കുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേടുപോലും ഇനി അംഗീകരിക്കില്ല. തിരുത്തലുകള്‍ക്കും കര്‍ശന നിയന്ത്രണമുണ്ടാകും. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാന്‍ ലക്ഷ്യമിട്ടാണു നടപടി.
ആധാറിലെ പേരിലെ ചെറിയ തിരുത്തലിനുപോലും ഇനി ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം. പേരിന്റെ ആദ്യഭാഗവും അക്ഷരവും തിരുത്താനും അതു ബാധകമാണ്. ഇതോടൊപ്പം, പഴയപേരിന്റെ തിരിച്ചറിയല്‍ രേഖയും നല്‍കണം. പാന്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി., ഡ്രൈവിങ് ലൈസന്‍സ്, സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോയുള്ള പുതിയ എസ്.എസ്.എല്‍.സി. ബുക്ക്, പാസ്‌പോര്‍ട്ട് എന്നിവയിലേതെങ്കിലും ആധികാരിക രേഖയായി ഉപയോഗിക്കാം. പേരുതിരുത്താന്‍ പരമാവധി രണ്ടവസരമേ നല്‍കൂവെന്ന നിബന്ധനയില്‍ മാറ്റമില്ല.
ആധാര്‍ എടുക്കാനും വിലാസം തിരുത്താനും പൊതുമേഖലാ ബാങ്കിന്റെ പാസ്ബുക്ക്, തിരിച്ചറിയല്‍ രേഖയാക്കുന്നതിനും വ്യവസ്ഥയുണ്ട്. അതിന്, മേല്‍വിലാസത്തിന്റെ തെളിവ് ബാങ്കുരേഖയില്‍ ലഭ്യമാണെന്നും ഇ-കെ.വൈ.സി. പൂര്‍ണമാണെന്നും ശാഖാമാനേജര്‍ സാക്ഷ്യപത്രം നല്‍കണം. പൊതുമേഖലാ ബാങ്ക് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കിനു പുറമേയാണിത്.
ജനനത്തീയതി ഒരുതവണയേ തിരുത്താനാകൂവെന്ന നിബന്ധന തുടരുമ്പോഴും നിയന്ത്രണം കടുപ്പിച്ചു. 18 വയസ്സുവരെയുള്ളവരുടെ ജനനത്തീയതി തിരുത്താന്‍ അതതു സംസ്ഥാനത്തെ അംഗീകൃത അധികാരികള്‍ നല്‍കുന്ന ജനനസര്‍ട്ടിഫിക്കറ്റു മാത്രമേ പരിഗണിക്കൂ. പാസ്‌പോര്‍ട്ട്, എസ്.എസ്.എല്‍.സി. ബുക്ക് എന്നിവ ഒഴിവാക്കി.
18 വയസ്സിനു മുകളിലുള്ളവര്‍ക്ക് എസ്.എസ്.എല്‍.സി. ബുക്ക് ജനനത്തീയതിയുടെ തെളിവായി ഉപയോഗിക്കാം. അതിനായി കവര്‍ പേജ്, വിലാസമുള്ള പേജ്, ബോര്‍ഡ് സെക്രട്ടറിയുടെ മുദ്രയും ഒപ്പുമുള്ള മാര്‍ക്ക് ഷീറ്റ് എന്നിവ നല്‍കണം. എസ്.എസ്.എല്‍.സി. ബുക്കിലെ പേര് ആധാറുമായി കൃത്യമായി പൊരുത്തപ്പെടണം.

Related Articles

Back to top button