തിരുവനന്തപുരം : പി.വി.അന്‍വര്‍ എംഎല്‍എയുടെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും ആരോപണങ്ങള്‍ പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന തിരിച്ചറിവില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നു സര്‍ക്കാരിനോടു നിര്‍ദേശിച്ച് സിപിഎം നേതൃത്വം. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടു വിശ്വസ്തര്‍ക്കും സ്ഥാനചലനമുണ്ടാകുമെന്ന സൂചന ശക്തമായി. ഈ മാസം പകുതിയോടെ അവധിയില്‍ പ്രവേശിക്കുന്ന എഡിജിപി എം.ആര്‍.അജിത്കുമാര്‍ തിരികെ എത്തുമ്പോള്‍ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റിനിര്‍ത്തുമെന്നാണു റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെ കാര്യത്തിലും കടുത്ത നിലപാടിലേക്കു പോയേക്കുമെന്നാണു സൂചന. കണ്ണൂരിലെ കരുത്തനായ നേതാവായ ഇ.പി.ജയരാജനെതിരെ നടപടിയെടുത്ത പാര്‍ട്ടി അജിത് കുമാറിന്റെയും ശശിയുടെയും കാര്യത്തില്‍ നിശബ്ദത പാലിക്കുന്നതെന്തുകൊണ്ടെന്ന ചോദ്യവും അണികള്‍ക്കിടയിലുണ്ട്.
ജില്ലകള്‍തോറും നടക്കുന്ന സംഘടനാ സമ്മേളനങ്ങളില്‍നിന്ന് നേതൃത്വത്തിനു ലഭിക്കുന്ന പ്രതികരണങ്ങള്‍ ഉള്‍ക്കൊണ്ടാണു പാര്‍ട്ടി നേതൃത്വം ശക്തമായ ഇടപെടല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഓണത്തിനുശേഷം നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷത്തിനു കൂടുതല്‍ ആയുധങ്ങള്‍ സമ്മാനിക്കുന്നതു ദോഷം ചെയ്യുമെന്ന മുന്നറിയിപ്പ് മുതിര്‍ന്ന നേതാക്കള്‍ പങ്കുവച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തും കൊലപാതകവും ഉള്‍പ്പെടെ പി.വി.അന്‍വര്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അജിത് കുമാറിനെ സംരക്ഷിക്കാന്‍ നടത്തിയ നീക്കങ്ങള്‍ രഹസ്യ ആര്‍എസ്എസ് ബന്ധമെന്ന ആരോപണത്തോടെ ദുര്‍ബലമായിരുന്നു. ആര്‍എസ്എസിനെതിരെ എക്കാലവും ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടി, ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ എഡിജിപിയെ സംരക്ഷിക്കുന്നത് എന്തിനെന്ന ചോദ്യമാണ് അണികളില്‍നിന്ന് ഉയരുന്നത്.
പാര്‍ട്ടിക്ക് ഏറെ അടിത്തറയുളള വടക്കന്‍ ജില്ലകളിലെ പ്രതിനിധികള്‍ തന്നെ ഈ ചോദ്യമുയര്‍ത്തിയതോടെയാണ് അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റിനിര്‍ത്തിയുള്ള അന്വേഷണമാണ് ഉചിതമെന്ന സന്ദേശം പാര്‍ട്ടി നേതൃത്വം സര്‍ക്കാരിനു നല്‍കിയത്. അജിത്കുമാര്‍ ആര്‍എസ്എസിന്റെ രണ്ട് ഉന്നത നേതാക്കളെ ദിവസങ്ങളുടെ ഇടവേളയില്‍ കണ്ടുവെന്നും അതുസംബന്ധിച്ച് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നുമുള്ള വാര്‍ത്തകള്‍ ആഭ്യന്തര വകുപ്പിനെയാണ് പ്രതിക്കൂട്ടിലാക്കിയത്. എന്നിട്ടും അജിത് കുമാറിനെ സംരക്ഷിക്കുന്നത് ആര്‍എസ്എസ് ബന്ധത്തെപ്പറ്റി പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാകുമെന്നും ഇത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉള്‍പ്പെടെ സംശയത്തിന് ഇടയാക്കുമെന്നും പാര്‍ട്ടിക്ക് ആശങ്കയുണ്ട്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളും ഗൗരവത്തോടെയാണു പാര്‍ട്ടി കാണുന്നത്. മുഖ്യമന്ത്രിക്ക് അതീതമായി ആഭ്യന്തരവകുപ്പില്‍ പി.ശശി ഇടപെടല്‍ നടത്തുന്നുവെന്ന ആക്ഷേപം സര്‍ക്കാരിന്റെ പ്രതിഛായ നഷ്ടപ്പെടുത്തുന്നുവെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്ക്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ശിവശങ്കര്‍ സ്വര്‍ണക്കടത്തു കേസില്‍ ജയിലിലായതു വിവാദമായ ശേഷവും മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നത് പാര്‍ട്ടിയുടെ ഉള്‍പ്പെടെ ജാഗ്രതക്കുറവായി വിലയിരുത്തപ്പെടുമെന്ന നിഗമനത്തിലാണു നേതൃത്വം.
ശശിക്കെതിരെ പി.വി.അന്‍വര്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ല എന്ന് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞുവെങ്കിലും ആരോപണങ്ങളെ കുറച്ചുകാണുന്നില്ല. ശശിയെ ഒഴിവാക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന സൂചന പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിക്കു നല്‍കിയെന്നാണു റിപ്പോര്‍ട്ട്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പേരില്‍ ഇ.പി.ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു പുറത്താക്കിയതും പാര്‍ട്ടിയുടെ ശക്തമായ ഇടപെടല്‍ മൂലമായിരുന്നു.
58 1 minute read