BREAKINGKERALA
Trending

ആര്‍.എസ്.എസ് നേതാവ് രാംമാധവിനെയും എ.ഡി.ജി.പി കണ്ടു; വിവാദം കടുക്കുന്നു

തിരുവനന്തപുരം: ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ചയില്‍ വിവാ?ദം കത്തിനില്‍ക്കെ, എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് രാംമാധവിനേയും കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
കോവളത്തെ ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച എന്നാണ് വിവരം. ബി.ജെ.പി. മുന്‍ ജനറല്‍ സെക്രട്ടറികൂടിയായ രാംമാധവുമായി രണ്ടുതവണ എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. അതേസമയം, കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ തൃശ്ശൂരും ഗുരുവായൂരിലുമായി അജിത്ത് കുമാര്‍ സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2014 മുതല്‍ 2020 വരെ ബി.ജെ.പി. സംഘടനാ കാര്യങ്ങളില്‍ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു രാം മാധവ്. ജമ്മു-കശ്മീരിലെ 2014-ലെ തിരഞ്ഞെടുപ്പിനുശേഷം പി.ഡി.പി.യുമായി ബി.ജെ.പി. സഖ്യമുണ്ടാക്കിയതില്‍ രാം മാധവിന് നിര്‍ണായക പങ്കുണ്ടായിരുന്നു. 2020-ലാണ് ഇദ്ദേഹത്തെ ബി.ജെ.പി. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുന്നത്. ജമ്മു-കശ്മീര്‍ തിരഞ്ഞെടുപ്പിന്റെ ചുമതല രാംമാധവിനും കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിക്കും കഴിഞ്ഞദിവസം ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ നല്‍കിയിരുന്നു.
നിരവധി രാഷ്ട്രീയ പരീക്ഷണങ്ങള്‍ നടത്തി, രാഷ്ട്രീയവൃത്തങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ച രാം മാധവുമായി എ.ഡി.ജി.പി സ്ഥാനത്തുള്ള എം.ആര്‍. അജിത് കുമാര്‍ എന്തിനാണ് പലതവണ കൂടിക്കാഴ്ച നടത്തിയതെന്ന ചോദ്യമാണ് ഉയരുന്നത്.

Related Articles

Back to top button