തിരുവനന്തപുരം: പാലോട് ഭര്‍തൃ ഗൃഹത്തില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്ദുജയും ഭര്‍ത്താവ് അഭിജിത്തും തമ്മില്‍ കുറച്ചുനാളായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇന്ദുജയെ അഭിജിത്ത് ശാരീരികമായി പീഡിപ്പിച്ചിരുന്നു.ശരീരത്തില്‍ രണ്ടുദിവസം പഴക്കമുള്ള പാടുകള്‍ ഉണ്ട്. അഭിജിത്തിനെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.ഇന്നലെ ഉച്ചയ്ക്കാണ് കൊന്നമൂട് സ്വദേശിനിയായ ഇന്ദുജയെ പാലോടുള്ള ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ മുറിയിലെ ജനലില്‍ തൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടെത്തുകയായിരുന്നു. ഈ സമയം അഭിജിത്തിന്റെ അമ്മൂമ്മ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ ഇന്ദുജയെ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
രണ്ടര വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മൂന്ന് മാസം മുന്‍പായിരുന്നു ഇന്ദുജയുടെയും അഭിജിത്തിന്റെയും വിവാഹം. ഇന്ദുജയുടെ മരണത്തിന് പിന്നാലെ അഭിജിത്തിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. മകളെ കൊലപ്പെടുത്തിയതെന്നായിരുന്നു പിതാവ് ശശിധരന്റെ ആരോപണം. മകളെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ ശേഷം കാണാന്‍ അനുവദിച്ചിരുന്നില്ല. ഒരാഴ്ചയ്ക്ക് മുന്‍പ് മകള്‍ വീട്ടില്‍ വന്നിരുന്നു. അന്ന് മകളുടെ ചെവിയുടെ ഭാഗത്ത് മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും അച്ഛന്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ആദിവാസി ക്ഷേമ സമിതിയും ആദിവാസി മഹാസഭയും രംഗത്തെത്തിയിട്ടുണ്ട്.