BREAKINGKERALA
Trending

എം.ആര്‍. അജിത്കുമാറിനെതിരേ പി. വിജയന്‍ കോടതിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തമ്മിലെ തര്‍ക്കം കോടതികയറുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ പരാതിയില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ നല്‍കിയ മൊഴിക്കെതിരേയാണ് എ.ഡി.ജി.പി. പി. വിജയന്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ സമര്‍പ്പിച്ച പരാതിയില്‍ രണ്ടുമാസമായിട്ടും നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണിത്. ഇതിനായി സര്‍ക്കാരിന്റെ അനുമതിതേടും.
ആരോപണങ്ങള്‍ക്കു പിന്നാലെ അജിത്കുമാറില്‍നിന്ന് പോലീസ് മേധാവി മൊഴിരേഖപ്പെടുത്തിയിരുന്നു. കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ വിജയന് ബന്ധമുണ്ടെന്ന് എസ്.പി. സുജിത് ദാസ് പറഞ്ഞിരുന്നതായി അജിത്കുമാര്‍ മൊഴിനല്‍കിയിരുന്നു. എന്നാല്‍, ഈ മൊഴി അസത്യമാണെന്നും അതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിജയന്‍ പോലീസ് മേധാവിക്ക് കത്തുനല്‍കി. അദ്ദേഹം ഈ കത്ത് സര്‍ക്കാരിന് കൈമാറുകയും ചെയ്തു. മൊഴി സുജിത് ദാസ് നേരത്തേ നിഷേധിച്ചിരുന്നു.
തനിക്ക് ബന്ധമുള്ള തിരുവനന്തപുരത്തെ വ്യവസായി മുജീബുമായി വിജയനും ബന്ധമുണ്ടെന്ന് അജിത്കുമാര്‍ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. കോവിഡ്കാലത്ത് വിജയന്‍ നേതൃത്വം നല്‍കിയ ഭക്ഷണവിതരണ പരിപാടിയില്‍ മുജീബും ബന്ധപ്പെട്ടിരുന്നു. മാമി തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ആഷിക്ക് എന്ന വ്യക്തിയുമായി മലപ്പുറത്തെ ‘നന്മ’ എന്ന സംഘടനവഴി വിജയനു ബന്ധമുണ്ടായിരുന്നെന്നും അജിത്കുമാറിന്റെ മൊഴിയിലുണ്ട്. തന്നെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് അജിത്കുമാര്‍ നല്‍കിയ മൊഴിയെന്നു കാട്ടിയാണ് വിജയന്‍ പരാതിനല്‍കിയത്.

Related Articles

Back to top button