BREAKINGINTERNATIONAL

‘എട്ടാം മാസത്തില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചു’; ഗര്‍ഭകാലത്തെക്കുറിച്ച് വെളിപ്പെടുത്തി വണ്ടര്‍ വുമണ്‍ താരം

ഈവര്‍ഷമാദ്യമാണ് വണ്ടര്‍ വുമണ്‍ താരം ഗാല്‍ ഗാഡോട്ട് തന്റെ നാലാമത്തെ കുട്ടിക്ക് ജന്മം നല്‍കിയത്. പെണ്‍കുഞ്ഞിന് ഓറി എന്നാണ് പേരിട്ടിരിക്കുന്നത്. എന്നാലിപ്പോള്‍, ഗര്‍ഭകാലത്തിന്റെ അവസാനസമയങ്ങള്‍ അത്ര സുഖകരമായിരുന്നില്ലെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. തലച്ചോറിലെ രക്തം കട്ടപിടിക്കുന്ന സെറിബ്രല്‍ വെനസ് ത്രോംബോസിസ് (സിവിടി) എന്ന അവസ്ഥയിലൂടെ കടന്നുപോയെന്നാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. ആശുപത്രിയില്‍നിന്ന് എടുത്ത മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവെച്ചത്.
ഫെബ്രുവരിയില്‍, ഗര്‍ഭത്തിന്റെ എട്ടാം മാസത്തിലാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതെന്ന് ഗാല്‍ ഗാഡോട്ട് പറഞ്ഞു. ‘ആഴ്ചകളോളം, അസഹനീയമായ തലവേദന ഞാന്‍ സഹിച്ചു. ഒടുവില്‍ എംആര്‍ഐക്ക് വിധേയയായപ്പോഴാണ് ഭയപ്പെടുത്തുന്ന സത്യം വെളിപ്പെട്ടത്. ഒരു നിമിഷം കൊണ്ട്, ജീവിതം എത്ര ദുര്‍ബ്ബലമാകുമെന്ന് ഞാനും എന്റെ കുടുംബവും തിരിച്ചറിഞ്ഞു. എല്ലാം എത്ര വേഗത്തില്‍ മാറുമെന്നതിന്റെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലായിരുന്നു ഇത്.’ – അവര്‍ കുറിച്ചു.
അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തുവെന്നും അവര്‍ വെളിപ്പെടുത്തി. ‘ അനിശ്ചിതത്വത്തിന്റെയും ഭയത്തിന്റെയും ആ നിമിഷത്തിലാണ് എന്റെ മകള്‍ ഓറി ജനിച്ചത്. ‘എന്റെ വെളിച്ചം’ എന്നര്‍ത്ഥമുള്ള അവളുടെ പേര് ആകസ്മികമായി തിരഞ്ഞെടുത്തതല്ല. ഞങ്ങളുടെ മകള്‍ വരുമ്പോള്‍ എന്നെ കാത്തിരിക്കുന്ന വെളിച്ചമായിരിക്കും അവളെന്ന് ശസ്ത്രക്രിയയ്ക്ക് മുമ്പ് ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. ഇന്ന് ഞാന്‍ പൂര്‍ണ്ണമായി സുഖം പ്രാപിച്ചു, എനിക്ക് തിരികെ ലഭിച്ച ജീവിതത്തോടുള്ള നന്ദിയുള്ളവളാണ്.’ -ഗാല്‍ കൂട്ടിച്ചേര്‍ത്തു.
ഈ യാത്ര തന്നെ ഒരുപാട് പഠിപ്പിച്ചെന്നും ഗാല്‍ പറഞ്ഞു. ‘ നമ്മുടെ ശരീരം ശ്രദ്ധിക്കുകയും അത് നമ്മോട് പറയുന്നത് വിശ്വസിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. വേദന, അസ്വാസ്ഥ്യം, അല്ലെങ്കില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ക്ക് പോലും പലപ്പോഴും വലിയ അര്‍ഥമുണ്ട്. ഒപ്പം ബോധവാനാകുക എന്നത് പ്രധാനമാണ്. 30 വയസ്സിന് മുകളിലുള്ള 100,000 ഗര്‍ഭിണികളില്‍ മൂന്ന് പേര്‍ക്കും തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇത് നേരത്തെ തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്.’- അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button