ന്യൂഡല്‍ഹി : പ്ലസ്ടു കോഴ കേസില്‍ മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഷാജിക്ക് എതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ഇഡി നല്കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളി. എന്ത് തരം കേസാണ് ഇതെന്ന പരാമര്‍ശത്തോടെയാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിന് ജോര്‍ജ് മസിഹ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജികള്‍ തള്ളിയത്.
കേസില്‍ ഇതുവരെ വിജിലന്‍സ് രേഖപ്പെടുത്തിയ 54 പേരുടെയും മൊഴികള്‍ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. മൊഴി നല്കിയവരില് ഏതെങ്കിലും ഒരു വ്യക്തി ഷാജി പണം ആവശ്യപെട്ടിട്ടുണ്ടോ എന്നും പണം വാങ്ങിയോ എന്നും മൊഴി നല്‍കിയിട്ടുണ്ടോ എന്നും സുപ്രീംകോടതി ആരാഞ്ഞു. അത്തരം ഒരു മൊഴിയുണ്ടെങ്കില്‍ അത് കാണിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പണം ആവശ്യപ്പെട്ടു, വാങ്ങി തുടങ്ങിയ മൊഴികളല്ല വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും, കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിചാരണാ കോടതിയാണ് ഷാജി കുറ്റക്കാരന്‍ ആണോ അല്ലയോ എന്ന് കണ്ടെത്തേണ്ടതെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ ആവശ്യം അംഗീകരിച്ചാല്‍ ഏതൊരു രാഷ്ട്രീയക്കാരന് എതിരെയും ബാലിശമായ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കുന്നതിന് തുല്യമാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തുടര്‍ന്നാണ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചത്. കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഷാജിക്ക് എതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ഇ.ഡി നല്കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളി.
2014-ല്‍ അഴീക്കോട് സ്കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020-ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് നീരജ് കിഷന് കൗളും, സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദും ആണ് സുപ്രീം കോടതിയില്‍ ഹാജരായത്. കെ.എം. ഷാജിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന് നിഖില്‍ ഗോയല്‍, അഭിഭാഷകന് ഹാരിസ് ബീരാന് എന്നിവരാണ് ഹാജര്‍ ആയത്.
63 1 minute read