BREAKINGKERALA
Trending

എന്‍സിപിയിലെ മന്ത്രിമാറ്റ ചര്‍ച്ചകളില്‍ അനിശ്ചിതത്വം; തോമസ് കെ തോമസ് മുഖ്യമന്ത്രിയെ കണ്ടേക്കും

തിരുവനന്തപുരം: എന്‍സിപിയിലെ മന്ത്രിമാറ്റ ചര്‍ച്ചകളില്‍ അനിശ്ചിതത്വം. എന്‍സിപിയുടെ മന്ത്രിയായ എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന നിര്‍ദേശം സിപിഎം കേന്ദ്ര നേതൃത്വം വിലയിരുത്തും. ശരദ് പവാറുമായി തോമസ് കെ തോമസ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തിയില്ല. തോമസ് കെ തോമസ് ദില്ലിയില്‍ നിന്നും പുലര്‍ച്ചെ കേരളത്തിലേക്ക് മടങ്ങി. ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്നാണ് സൂചന. ശരദ് പവാറുമായുള്ള ചര്‍ച്ചയുടെ വിവരം പ്രകാശ് കാരാട്ട് പിബിയെ അറിയിക്കും. മന്ത്രിയെ നിശ്ചയിക്കാനുള്ള അവകാശം പാര്‍ട്ടിക്കാണെന്ന് ഇന്നലെ പവാര്‍ കാരാട്ടിനോട് പറഞ്ഞിരുന്നു.
അതേസമയം, തോമസ് കെ തോമസിന് പവാറിനെ കാണാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. നാട്ടില്‍ പ്രചരിക്കുന്നത് പോലെ ഒന്നും എന്‍സിപിയില്‍ ഇല്ല. തോമസിന് പാര്‍ട്ടി അധ്യക്ഷനെ കാണാന്‍ എല്ലാ സ്വാതന്ത്ര്യവുമുണ്ട്. അതില്‍ ഒരു അച്ചടക്ക ലംഘനമില്ല. ശരദ് പാവാറും കാരാട്ടും എന്താണ് സംസാരിച്ചത് എന്നറിയില്ല. അത് സ്വകാര്യ സംഭാഷണമായിരുന്നു. തോമസിന് മന്ത്രിയാകാന്‍ ഞാന്‍ തടസ്സമല്ലെന്ന് സംസ്ഥാന കമ്മിറ്റിയില്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്ക് മന്ത്രിയെ വേണ്ട എന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് താന്‍ പാര്‍ട്ടിയെ അറിച്ചിട്ടുണ്ട്. തോമസ് ഇന്ന് മുഖ്യമന്ത്രിയെ കണ്ടോട്ടെ. മുഖ്യമന്ത്രിയുടെ തെറ്റിധാരണ മാറ്റാന്‍ കഴിയുമെങ്കില്‍ നല്ലതാണെന്നും എ കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഏറെനാളായി തര്‍ക്കത്തിലുള്ള എന്‍സിപിയിലെ മന്ത്രിമാറ്റത്തില്‍ അന്തിമ നീക്കത്തിലാണ് പി സി ചാക്കോയും തോമസും. അവസാന വട്ടശ്രമമെന്ന നിലക്കായിരുന്നു ശരത് പവാര്‍ വഴിയുള്ള ഇടപെടല്‍. ദേശീയ നേതൃത്വം വരെ അംഗീകരിച്ച മന്ത്രിമാറ്റത്തില്‍ അപ്രതീക്ഷിത ഉടക്കിട്ടത് മുഖ്യമന്ത്രിയാണ്. കൂറുമാറാന്‍ 100 കോടി കോഴ വാഗ്ദാനം ചെയ്‌തെന്ന വിവാദത്തില്‍ തോമസിനെ മന്ത്രിയാക്കാന്‍ പറ്റില്ലെന്ന് മുഖ്യമന്ത്രി ഉറച്ചനിലപാടെടുത്തു. ഇതോടെ മന്ത്രിമാറ്റ നീക്കം വഴിമുട്ടി. ഇതോടെയാണ് പവാറിനെ കൊണ്ട് മുഖ്യമന്ത്രിയില്‍ സമ്മര്‍ദ്ദമുണ്ടാക്കുക, സിപിഎം കേന്ദ്ര നേതാക്കളുടെ ഇടപെടലിനും ശ്രമം നടത്തിയത്. അതൃപ്തനാണെങ്കിലും പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ വേണ്ട എന്നാണ് ശശീന്ദ്രന്റെ നിലപാട്.

Related Articles

Back to top button