തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ അധിക്ഷേപവും ധിക്കാരവും തുടരുന്ന എന്‍ എന്‍ കൃഷ്ണദാസിനെ തിരുത്താനും നിലയ്ക്ക് നിര്‍ത്താനും സിപിഎം പാര്‍ട്ടി നേതൃത്വം തയാറാവണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആണെങ്കിലും മാന്യമായ പെരുമാറ്റം ഇനിയും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലാത്ത വിധത്തിലാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണി തുടരുന്നത്. വെള്ളിയാഴ്ച മാധ്യമങ്ങള്‍ പട്ടികളെപ്പോലെ ആണെന്ന് പറഞ്ഞ കൃഷ്ണദാസ് ഇന്ന് കേരള പത്രപ്രവര്‍ത്തക യൂണിയനെ അപമാനിക്കുന്നതിനാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് എഴുതിയ കത്തില്‍ കെയുഡബ്ല്യുജെ ചൂണ്ടിക്കാട്ടി
ആറു പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ ജനാധിപത്യ രാഷ്ട്രീയ ഭൂമികയില്‍ ശക്തമായ നിലപാടുകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കൃഷ്ണദാസിന്റെ അധിക്ഷേപത്തില്‍ തളരുന്ന സംഘടനയല്ല എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയും പാര്‍ട്ടിക്കുണ്ട്. ഏത് രാഷ്ട്രീയ പാര്‍ട്ടിയെയും ശരിതെറ്റുകള്‍ നോക്കി മാത്രം സമീപിക്കുന്ന മാധ്യമങ്ങള്‍ തുടരുന്ന സ്വതന്ത്ര നിലപാടാണ് കേരളത്തിന്റെ ജനാധിപത്യ ബോധത്തെ ശക്തമായി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്ന് ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ തന്നെ എക്കാലവും ആവര്‍ത്തിച്ച് അംഗീകരിക്കുന്നതാണ്.
കേരളം വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ട മുഖത്ത് നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ മാധ്യമ പ്രവര്‍ത്തകരെ തെരുവില്‍ ഇറക്കുന്നത് എത്രമാത്രം ഉചിതമായിരിക്കും എന്നും നേതൃത്വം ആലോചിക്കേണ്ടതുണ്ടെന്നും കെയുഡബ്ല്യുജെ ഓര്‍മ്മിപ്പിച്ചു. ഇത്തരമൊരു ബോധ്യം കൃഷ്ണദാസിന് ഉണ്ടാവില്ലെങ്കിലും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് വേണ്ടി എക്കാലവും നിലകൊള്ളുന്ന മാധ്യപപ്രവര്‍ത്തകര്‍ അങ്ങനെ വിശ്വസിക്കുന്നു. മറിച്ചൊരു തീരുമാനത്തിലേക്ക് പോകേണ്ടി വരുന്ന നിര്‍ബന്ധിത സാഹചര്യം ഒഴിവാക്കാന്‍ അടിയന്തര ഇടപെടലും തിരുത്തല്‍ നടപടികളും ഉണ്ടാവണമെന്നും എം വി ഗേവിന്ദന് എഴുതിയ കത്തില്‍ കെയുഡബ്ല്യുജെ അഭ്യര്‍ത്ഥിച്ചു.
59 1 minute read