BREAKINGKERALA
Trending

എ.ഡി.ജി.പി. അജിത്കുമാറിനെതിരെ നടപടി ഉണ്ടാകുമോ? മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: എ.ഡി.ജി.പി. അജിത്കുമാറിനെ നീക്കണമെന്നകാര്യത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുംമേല്‍ രാഷ്ട്രീയസമ്മര്‍ദമേറുന്നു. ആര്‍.എസ്.എസ്. നേതാവുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി.യെ സംരക്ഷിച്ചുനിര്‍ത്തുന്നതല്ല ഇടതുനയം എന്ന ആക്ഷേപമുയരുന്നത് ഇടതുപക്ഷത്തുനിന്നുതന്നെയാണ്. കടുത്തനടപടിക്കുവേണ്ടി ആവശ്യപ്പെടുന്നതും ഭരണപക്ഷംതന്നെ. ഈ സാഹചര്യത്തില്‍ ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി വിളിച്ച പത്രസമ്മേളനം നിര്‍ണായകമാണ്.അതിനാല്‍, ഇനിയും വഷളാവാതെ ഘടകകക്ഷികളെ തൃപ്തിപ്പെടുത്തി പ്രശ്‌നം തീര്‍ക്കാനുള്ള ആലോചനയാണ് നടക്കുന്നത്. അജിത്കുമാറിനെ അപ്രധാന തസ്തികയിലേക്കുമാറ്റി എതിര്‍പ്പ് ശമിപ്പിക്കാനാണ് ശ്രമം.
എ.ഡി.ജി.പി.യെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ സി.പി.ഐ.ക്കും ആര്‍.ജെ.ഡി.ക്കും പുറമേ സി.പി.എമ്മിലും അതൃപ്തിയുണ്ട്. പാര്‍ട്ടി സമ്മേളനം നടക്കുന്ന ഘട്ടത്തില്‍ സര്‍ക്കാരിന്റെ നിലപാട് ചോദ്യംചെയ്യപ്പെടും.
ഒക്ടോബര്‍ നാലിന് നിയമസഭാസമ്മേളനവും തുടങ്ങുകയാണ്. സഭാതലത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും, എ.ഡി.ജി.പി. അജിത്കുമാറുമായിരിക്കും പ്രതിപക്ഷത്തിന്റെ ആയുധം. മുന്നണിയില്‍ത്തന്നെ തര്‍ക്കമുണ്ടാകുമ്പോള്‍, പ്രതിപക്ഷത്തെ നേരിടുക എളുപ്പമാകില്ല. അതിനാല്‍ സഭാസമ്മേളനം തുടങ്ങുന്നതിനുമുന്‍പ് അജിത്കുമാറിനെ മാറ്റിനിര്‍ത്താനാണ് സാധ്യത.
ആരോപണമുയരുമ്പോള്‍ അതിന്റെ വസ്തുത പരിശോധിക്കാതെ നടപടിയെടുക്കുന്നത് ശരിയല്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കാറുള്ളത്. ആ വാദത്തിലാണ് അജിത്കുമാറിന് കവചമൊരുക്കിയത്.
അജിത്കുമാറിനെതിരേയുണ്ടായ ക്രിമിനല്‍ ആരോപണങ്ങളില്‍ അന്വേഷണത്തിനുശേഷം നടപടിയെന്ന വാദം സഖ്യകക്ഷികള്‍ അംഗീകരിച്ചേക്കും. എന്നാല്‍, ആര്‍.എസ്.എസ്. നേതാവുമായുള്ള രഹസ്യകൂടിക്കാഴ്ച ഒരു രാഷ്ട്രീയപ്രശ്‌നമാണ്. ഇതില്‍ അന്വേഷണം കഴിഞ്ഞ് നടപടിയെന്ന മുഖ്യമന്ത്രിയുടെ വാദം ഇടതുകക്ഷികള്‍ക്ക് ദഹിക്കുന്നതല്ല.
പോലീസ് ഉദ്യോഗസ്ഥരെ രണ്ടുവര്‍ഷത്തേക്ക് സ്ഥാനത്തുനിന്ന് മാറ്റരുതെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം എ.ഡി.ജി.പി.യെ മാറ്റുന്നതിനുള്ള തടസ്സവാദമായി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അനൗദ്യോഗികമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, ആ വിധി എ.ഡി.ജി.പി.ക്ക് ബാധകമാകില്ലെന്ന് സി.പി.ഐ. നേതാവ് കെ. പ്രകാശ് ബാബു വ്യക്തതവരുത്തിയിട്ടുണ്ട്. നിയമപരമായും രാഷ്ട്രീയമായുമുള്ള നീക്കങ്ങള്‍ പി.വി. അന്‍വര്‍ എം.എല്‍.എ.യും കടുപ്പിക്കുന്നുണ്ട്. പി. ശശിക്കെതിരേയുള്ള പരാതി രേഖാമൂലംതന്നെ അന്‍വര്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ട്.
അജിത്കുമാറിനെ മാറ്റണമെന്ന നിലപാടാണ് ഡി.ജി.പി.ക്കുമുള്ളത്. അതിനാല്‍, എ.ഡി.ജി.പി.യെ തത്കാലത്തേക്കെങ്കിലും കൈവിടാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതമാകും.

Related Articles

Back to top button