BREAKINGNATIONAL

ഒരിക്കല്‍ ജര്‍മ്മനിയില്‍ എഞ്ചിനീയര്‍ ഇന്ന് ബെംഗളൂരുവില്‍ യാചകന്‍; വൈറല്‍ വീഡിയോയില്‍ കണ്ണ് നിറഞ്ഞ് സോഷ്യല്‍ മീഡിയ

‘നാളെ എന്ത് സംഭവിക്കും’ എന്ന അസ്വസ്ഥകരമായ ചിന്തയായിരിക്കാം ആദിമമനുഷ്യന്‍ സാമൂഹിക ജീവിതത്തിലേക്ക് കടന്നിട്ടുണ്ടാവുക. ഒരുമിച്ച് നിന്നാല്‍ ഏത് ശത്രുവിനെയും പ്രതിരോധിക്കാമെന്ന അടിസ്ഥാന പാഠം അതിന് അവനെ പ്രാപ്തമാക്കിയിട്ടുണ്ടാകാം. ഇന്ന് ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള വഴി തെളിക്കാനുള്ള മനുഷ്യന്റെ ബദ്ധപ്പാടിന് പിന്നിലും ഇതേ ചിന്തയാണെന്ന് കാണാം. ഭൂമിയില്‍ ഇനി അധിക കാലം വാസം സാധ്യമല്ലെന്ന ചിന്തയില്‍ നിന്നാണ് മറ്റൊരു ഗ്രഹത്തില്‍ ജീവിതം സാധ്യമാണോയെന്ന അന്വേഷണം മനുഷ്യന്‍ ആരംഭിക്കുന്നതും. പറഞ്ഞ് വരുന്നത് ബെംഗളൂരു നഗരത്തിലെ ഒരു യാചകനായ മനുഷ്യനെ കുറിച്ചാണ്. ശരത്ത് യുവരാജ എന്ന സമൂഹ മാധ്യമ ഉള്ളടക്ക സൃഷ്ടാവ് പങ്കുവച്ച ഒരു വീഡിയോയില്‍ ബെംഗളൂരു നഗരത്തിലെ ഒരു യാചകനെ പരിചയപ്പെടുത്തുന്നു.
ടെക് പ്രൊഫഷണലുകളുടെയും സംരംഭകരുടെയും ആഗോള ബിസിനസ്സുകളുടെയും കേന്ദ്രമായ ബെംഗളൂരുവിലെ തെരുവുകളില്‍ യാചിക്കുന്നയാളെ കണ്ടെത്തിയപ്പോള്‍ അത് സമൂഹ മാധ്യമങ്ങളില്‍ ഹൃദയഭേദകമായ ഒരു കാഴ്ചയായി മാറി. ജീര്‍ണ്ണിച്ച പിങ്ക് ടീ ഷര്‍ട്ടും ജീന്‍സും ധരിച്ച ക്ഷീണിതനെങ്കിലും യുവാവായ ഒരാള്‍. ഒരിക്കല്‍ ബെംഗളൂരു ഗ്ലോബല്‍ വില്ലേജിലെ മിന്റ്ട്രീ, ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്ന എഞ്ചിനീയറാണ് താനെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു. മധ്യവര്‍ഗ്ഗ ഇന്ത്യക്കാരന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നിലായിരുന്നു അദ്ദേഹം ഒരു കാലത്ത്. പക്ഷേ, അച്ഛന്റെയും അമ്മയുടെയും മരണത്തിന് പിന്നാലെ മദ്യപാനം ശക്തമായി. അതോടെ ദീര്‍ഘകാലം പ്രണയിച്ച കാമുകിയും ഉപേക്ഷിച്ചു.
പതുക്കെ ജീവിതം റിവേഴ്‌സ് ഗിയറിലായി. ഒടുവില്‍ ബെംഗളൂരുവിലെ തെരുവില്‍ യാചകനും. ജോലിക്ക് പോകാമായിരുന്നില്ലേ എന്ന ചോദ്യത്തിന് അദ്ദേഹം അസ്വസ്ഥതയോടെ ‘ഇതാണ് സ്ഥലം ഇതാണ് സാന്നിധ്യം’ എന്നാണ് മറുപടി പറയുന്നത്. അദ്ദേഹം സംസാരിച്ചതാകട്ടെ ആല്‍ബര്‍ട്ട് ഐസ്റ്റീനെ കുറിച്ചും അദ്ദേഹത്തിന്റെ ആപേക്ഷിക സിദ്ധാന്തത്തെ കുറിച്ചും 17 -ാം നൂറ്റാണ്ടിലെ ജര്‍മ്മന്‍ ഫിലോസഫിയെ കുറിച്ചും. പക്ഷേ പലപ്പോഴും പറയുന്നതിന്റെ തുടര്‍ച്ച കണ്ടെത്താന്‍ അദ്ദേഹം പാടുപെട്ടു. ശരത്തിന്റെ വീഡിയോ നിരവധി പേരെ ആകര്‍ഷിച്ചു. അദ്ദേഹത്തിന് സാമ്പത്തിക സഹായത്തെക്കാള്‍ നിംഹാന്‍സ് പോലുള്ള ഏതെങ്കിലും നല്ല മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തിലെത്തിക്കാന്‍ പലരും നിര്‍ദ്ദേശിച്ചു.

Related Articles

Back to top button