BREAKINGNATIONAL

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ 5 വര്‍ഷത്തിനുള്ളില്‍? നീക്കങ്ങള്‍ സജീവമാക്കി കേന്ദ്രം

ദില്ലി: മൂന്നാം മോദി സര്‍ക്കാരിന്റെ കാലാവധി തീരും മുമ്പ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്. ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ പ്രകടന പത്രികയിലെ വാഗ്ദാനം ബിജെപി യാഥാര്‍ത്ഥ്യമാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഈ വര്‍ഷം മാര്‍ച്ച് 15ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് അധികാരികളുമായി കൂടിയാലോചിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു പൊതു വോട്ടര്‍ പട്ടികയും വോട്ടര്‍ ഐഡി കാര്‍ഡുകളും തയ്യാറാക്കാനും സമിതി ശുപാര്‍ശ ചെയ്തു. 18 ഭരണഘടനാ ഭേദഗതികളും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അവയില്‍ മിക്കതിനും സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ല എന്നതാണ് പ്രധാനം. എന്നാല്‍, പാര്‍ലമെന്റ് പാസാക്കേണ്ട ചില ഭരണഘടനാ ഭേദഗതി ബില്ലുകള്‍ ഇത് നടപ്പാക്കാന്‍ ആവശ്യമാണ്.
അതേസമയം, തുടര്‍ച്ചയായി മൂന്നാം തവണയും അധികാരമേറ്റ് ചരിത്രം കുറിച്ചിരിക്കുകയാണ് എന്‍ഡിഎയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിനങ്ങള്‍ പിന്നിടുന്ന സാഹചര്യത്തിലാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വീണ്ടും സജീവ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഓ?ഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയം പരാമര്‍ശിച്ചതും ശ്രദ്ധേയമായിരുന്നു. ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന് വേണ്ടി ജനങ്ങള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button