മുംബൈ: രാത്രിമുഴുവന്‍ പുതുവര്‍ഷാഘോഷം നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ സുരക്ഷാ മുന്‍കരുതലുകളുമായി മുംബൈയിലെ ഹോട്ടല്‍ ഉടമകള്‍. അമിത മദ്യാപനവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികളാണ് ഹോട്ടലുകള്‍ സ്വീകരിച്ചിരിക്കുന്നത്.
ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ വെസ്റ്റേണ്‍ ഇന്ത്യയുടെ പുതിയ നയം അനുസരിച്ച് ഹോട്ടലുകളില്‍ എത്തുന്ന അതിഥികള്‍ക്ക് പരമാവധി നാല് ലാര്‍ജ് ഡ്രിങ്കുകള്‍ മാത്രമേ നല്‍കുകയുള്ളൂ. ഈ പരിധി കഴിഞ്ഞാല്‍ കൂടുതല്‍ നല്‍കില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ അറിയിക്കും.
മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനും മോശം പെരുമാറ്റങ്ങളുണ്ടാകുന്നതും തടയുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ വെസ്റ്റേണ്‍ ഇന്ത്യ സെക്രട്ടറി പ്രദീപ് ഷെട്ടി പറഞ്ഞു.
പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി പുലര്‍ച്ചെ അഞ്ച് വരെ പ്രവര്‍ത്തിക്കാന്‍ ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
മദ്യപിച്ച് ലക്കുകെട്ട അതിഥികളെ സുരക്ഷിതരായി വീട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കാനും ഹോട്ടലുടമകള്‍ക്ക് നിര്‍ദേശമുണ്ട്. വാഹനമുള്ളവര്‍ക്ക് വാടകയ്ക്ക് ഡ്രൈവര്‍മാരെ ഏര്‍പ്പാടാക്കി നല്‍കുന്നതും ഓല, ഉബര്‍ പോലുള്ള സേവനങ്ങള്‍ ബുക്ക് ചെയ്തുകൊടുക്കുന്നതും ഇതില്‍ ഉള്‍പ്പെടും.
മദ്യപിക്കാനെത്തുന്നവരുടെ പ്രായം ഉറപ്പുവരുത്താന്‍ ഐഡി കാര്‍ഡുകളും പരിശോധിക്കും. പുണെയില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ മദ്യപിച്ച് വാഹനമോടിച്ച് ബൈക്ക് യാത്രികര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്. എല്ലാ അതിഥികളും പ്രത്യേകിച്ച് യുവാക്കളായ അതിഥികള്‍ ഹോട്ടലുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഐഡി കാര്‍ഡ് കയ്യില്‍ കരുതണം. അനുവദിച്ച പ്രായത്തിലുള്ളവര്‍ക്ക് മാത്രമേ മദ്യം വിളമ്പുകയുള്ളൂ.
69 1 minute read