കളമശേരിയിലെ മഞ്ഞപ്പിത്ത വ്യാപനത്തിന്റെ പ്രഭവകേന്ദ്രം കിണർവെള്ളമെന്ന് മന്ത്രി പി രാജീവ്. ഗൃഹപ്രവേശന ചടങ്ങിനായി ഒത്തുകൂടിയ വീട്ടിൽ ഉപയോഗിച്ച കിണർ വെള്ളത്തിലൂടെയാണ് രോഗവ്യാപനം ഉണ്ടായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. രോഗ വ്യാപനം കണ്ടെത്തിയ കളമശേരിയിലെ 10,12,13 എന്നീ വാർഡുകളിൽ ക്യാമ്പ് നടത്തും ചടങ്ങിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ചില കിണറുകളിലെ വെളളത്തില്‍ ഇ – കോളി ബാക്ടീരയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.പത്താം വാര്‍ഡായ പെരിങ്ങഴയിലും പന്ത്രണ്ടാം വാര്‍ഡായ എച്ച്എംടി കോളനി എസ്റ്റേറ്റിലും പതിമൂന്നാം വാര്‍ഡായ കുറുപ്രയിലും നിരവധിപേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്.നിലവില്‍ ചികിത്സയില്‍ കഴിയുന്ന എച്ച്എംടി കോളനി നിവാസിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പതിനെട്ടോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ നവംബർ മാസം മുതൽ പലയിടങ്ങളിലായി മഞ്ഞപ്പിത്ത ബാധ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഡിസംബർ ആദ്യ ആഴ്ച പിന്നിട്ടതോടെയാണ് രോഗവ്യാപനം ഉണ്ടായത്. 15 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളതെന്നും ഒരു മാസത്തിനിടെ 30ലധികം പേർക്ക് രോഗബാധ ഉണ്ടായെന്നുമാണ് ഔദ്യോഗിക കണക്ക്.
119 Less than a minute