കൊല്‍ക്കത്ത: ഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തേയും സുഹൃത്തുക്കളേയും താമസിപ്പിക്കണമെന്ന ഭാര്യയുടെ നിര്‍ബന്ധം ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. കുടുംബജീവിതത്തില്‍ ഭാര്യക്ക് ഭര്‍ത്താവിനോട് താത്പര്യമില്ലാത്തതും കൂടുതല്‍ സമയം ഭാര്യ കൂട്ടുകാരിയുടെ കൂടെ ചെലവഴിക്കുന്നതും ക്രൂരതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യയും കുടുംബവും അവരുടെ കൂട്ടുകാരിയും തന്റെ വീട്ടില്‍ അനുമതിയില്ലാതെ താമസിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ധീരജ് എന്നയാള്‍ നല്‍കിയ വിവാഹമോചന ഹര്‍ജിയുടെ അപ്പീലിലാണ് ജസ്റ്റിസുമാരായ സബ്യാസാചി ഭട്ടാചാര്യയുടേയും ഉദയ് കുമാറിന്റേയും നിരീക്ഷണം.
ഭാര്യയുടെ കുടുംബവും കൂട്ടുകാരിയും വീട്ടില്‍ കഴിയുന്നത് ഭര്‍ത്താവിന്റെ സൈ്വര്യജീവിതത്തിന് തടസമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതേ ആവശ്യം ഉന്നയിച്ച് ധീരജ് നല്‍കിയ വിവാഹമോചന ഹര്‍ജി കുടുംബകോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 2005-ല്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് മിഡ്നാപുര്‍ ജില്ലയിലെ കൊലാഘട്ടിലെ ക്വാര്‍ട്ടേഴ്സിലായിരുന്നു ഇരുവരുടേയും താമസം.
മൂന്ന് വര്‍ഷത്തിനുശേഷം ധീരജ് കുടുംബകോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി. പിന്നാലെ ഭാര്യ നബാദ്വിബ് പോലീസില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ ഗാര്‍ഹിക പീഡന പരാതി നല്‍കി. ഭാര്യയുടെ കൂട്ടുകാരിയായ മൗസുമി പോള്‍ എന്ന യുവതി സ്ഥിരമായി തന്റെ വീട്ടില്‍ താമസിക്കാറുണ്ടെന്ന് ധീരജ് കുടുംബകോടതിയില്‍ വാദിച്ചു. ഭര്‍ത്താവിനെ സ്വന്തം വീട്ടില്‍ നിര്‍ത്തി ഭാര്യയുടെ അമ്മയും തന്റെ വീട്ടില്‍ തന്നെയാണ് താമസമെന്നും ധീരജ് അറിയിച്ചു. ദാമ്പത്യത്തില്‍ താത്പര്യമില്ലാത്ത ഭാര്യയ്ക്ക് കുട്ടികള്‍ വേണ്ട എന്ന നിലപാടുണ്ടെന്നും ധീരജ് കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇതിനെ ക്രൂരതയായി കാണാനാകില്ലെന്ന് നിരീക്ഷിച്ച കുടുംബ കോടതി വിവാഹമോചനവും നല്‍കിയില്ല. ഇതോടെയാണ് ധീരജ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
82 1 minute read