കോട്ടയം: കോട്ടയം നഗരസഭയിലെ ജീവനക്കാരനായിരുന്ന അഖില്‍ സി.വര്‍ഗീസ് നടത്തിയ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ പൊലീസ് അന്വേഷണത്തില്‍ മെല്ലെപ്പോക്ക്. അന്വേഷണമേറ്റെടുത്ത് 5 ദിവസം കഴിഞ്ഞിട്ടും ഒളിവിലുളള അഖിലിനെക്കുറിച്ച് ഒരുവിവരവും കിട്ടാത്തത് രാഷ്ട്രീയ സ്വാധീനം മൂലമെന്നാണ് ആരോപണം. ഗൗരവമുളള തട്ടിപ്പായതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നാണ് സൂചന.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കോട്ടയം നഗരസഭയിലെ മുന്‍ ജീവനക്കാരന്‍ അഖില്‍ സി വര്‍ഗീസ് നടത്തിയ പെന്‍ഷന്‍ തട്ടിപ്പ് നഗരസഭ കണ്ടെത്തുന്നത്. തട്ടിപ്പ് വിവരം പുറത്തറിഞ്ഞതുമുതല്‍ ഒളിവില്‍ കഴിയുന്ന അഖിലിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ ജോലി നോക്കുന്ന കോട്ടയം ജില്ലയിലും സ്വദേശമായ കൊല്ലത്തും അന്വേഷണം തുടരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഇയാളുടെ ബന്ധുക്കളെ പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.
രാഷ്ട്രീയ – ഉദ്യോഗസ്ഥ സ്വാധീനം കാരണമാണ് അഖിലിനെ പിടികൂടാന്‍ കഴിയാത്തതെന്ന ആരോപണം ശക്തമാണ്. 3 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടായതിനാല്‍ ലോക്കല്‍ പൊലീസില്‍ നിന്നും കേസ് ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറും. അഖില്‍ നടത്തിയ സാമ്പത്തിക തിരിമറിയുടെ പേരില്‍ നഗരസഭ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ മൂന്ന് പേരെ സസ്‌പെന്റ് ചെയ്തിരുന്നു. പെന്‍ഷന്‍ വിഭാഗം സൂപ്രണ്ടായ ശ്യാമും അക്കൗണ്ട് വിഭാഗത്തിലെ ജീവനക്കാരനായ സന്തോഷ് കുമാറും ഫയലുകളും ബില്ലുകളും കൃത്യമായി പരിശോധിക്കാതെയാണ് പാസ്സാക്കിയതെന്ന് കണ്ടെത്തി.
ഇരുവര്‍ക്കുമൊപ്പം പെന്‍ഷന്‍ വിഭാഗം ക്ലര്‍ക്ക് ബിന്ദു കെ ജി യെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഇവര്‍ ചുമതലയേറ്റെടുക്കുമ്പോള്‍ വേണ്ടത്ര യോഗ്യതയില്ലാത്തത് നഗരസഭയെ അറിയിച്ചില്ലെന്നും സസ്‌പെന്‍ഷന്‍ ഉത്തരവിലുണ്ട്. ജീവനക്കാര്‍ക്കെതിരെ നടപടിക്ക് തുടക്കമിട്ടതോടെ, തട്ടിപ്പില്‍ നഗരസഭ ഭരണസമിതിയുടെ ഒത്താശയെന്ന ആരോപണം ബലപ്പെടുത്തുകയാണ് എല്‍ഡിഎഫും ബിജെപിയും. ഇന്നലെ നഗരസഭ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐയുടെ മാര്‍ച്ച് ഉണ്ടായിരുന്നു. ഇന്ന് ബിജെപിയും നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
64 1 minute read