ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക തിരിച്ചടവ് വൈകുന്നതിന് ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്കിന്റെ 30 ശതമാനം പരിധി നീക്കി സുപ്രിംകോടതി. ലക്ഷക്കണിക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് തിരിച്ചടിയാകുന്നതാണ് വിധി. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതിഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
ക്രെഡിറ്റ് കാര്‍ഡ് പലിശാ പരിധി 30 ശതമാനമായി നിശ്ചയിച്ച നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട് റിഡ്രസല്‍ കമ്മിഷന്റെ (എന്‍സിഡിആര്‍സി) വിധിക്ക് എതിരെ വിവിധ ബാങ്കുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രിം കോടതി വെള്ളിയാഴ്ച വിധി പുറപ്പെടുവിച്ചത്. സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്, സിറ്റിബാങ്ക്, അമേരിക്കന്‍ എക്‌സ്പ്രസ്, എച്ച്എസ്ബിസി എന്നീ ബാങ്കുകളാണ് സുപ്രിംകോടതിയെ സമീപിച്ചത്. 2008-ലാണ് എന്‍സിഡിആര്‍സി ക്രെഡിറ്റ് കാര്‍ഡ് പലിശാ പരിധി നിശ്ചയിച്ച് ഉത്തരവിറക്കിയത്.
എന്‍സിഡിആര്‍സിയുടെ പരിധി കുറയ്ക്കല്‍ ക്രെഡിറ്റ് കാര്‍ഡ് വ്യവസായവുമായി ബന്ധപ്പെട്ട വിവിധ ചെലവുകളെ അവഗണിച്ചായിരുന്നു എന്ന് ബാങ്കുകള്‍ സുപ്രിം കോടതിയില്‍ വാദിച്ചു. വീഴ്ച വരുത്തുന്ന ഉപയോക്താക്കളില്‍ നിന്ന് മാത്രമാണ് പലിശ നിരക്ക് ഈടാക്കുന്നതെന്നും കൃത്യമായി പണമടയ്ക്കുന്നവര്‍ക്ക് 45 ദിവസത്തെ പലിശ രഹിത ക്രെഡിറ്റ് അനുവദിക്കുന്നുണ്ടെന്നും ബാങ്കുകള്‍ ചൂണ്ടിക്കാട്ടി.
വിവിധ എന്‍ജിഒകളും വ്യക്തികളും സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിയിരുന്നു എന്‍സിഡിആര്‍സിയുടെ നടപടി. ബാങ്കുകളും നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളും ഈടാക്കിവന്ന 49 ശതമാനം പലിശയില്‍ നിന്നാണ് നിരക്ക് 30 ശതമാനമാക്കി കുറച്ചത്. ഇത്തരം സ്ഥാപനങ്ങള്‍ അമിതമായ നിരക്കില്‍ പലിശ ഈടാക്കുന്നത് തടയുന്നതില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനേയും ആര്‍ബിഐയേയും അന്ന് എന്‍സിഡിആര്‍ഡിസി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഉപയോക്താക്കളും ലോണ്‍ നല്‍കുന്നവരും തമ്മിലുള്ള വിഷയമായതിനാല്‍, ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു അന്ന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ജീവിത യാഥാര്‍ഥ്യങ്ങള്‍ പരിഗണിക്കാത്തതാണ് എന്നായിരുന്നു വിമര്‍ശനം. ആവശ്യക്കാരായ ഉപയോക്താക്കള്‍,വിലപേശല്‍ ശേഷിയില്ലാത്തവരാണ്. അത് മുതലെടുത്ത് ന്യായീകരിക്കാനാകാത്തതും യുക്തിരഹിതവും നിര്‍ബന്ധിതവുമായ പലിശ നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയാണ് എന്നും എന്‍സിഡിആര്‍ഡിസി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം സ്ഥാപനങ്ങളുടെ പലിശ വര്‍ധനവില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാന്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കണമെന്നും എന്‍സിഡിആര്‍സി അഭിപ്രായപ്പെട്ടിരുന്നു. ഒരു ക്ഷേമരാഷ്ട്രത്തില്‍, ഉപയോക്താക്കളുടെ സാമ്പത്തിക ദൗര്‍ബല്യം മുതലെടുത്ത് സ്വയം സമ്പന്നരാകാന്‍ ധനകാര്യസ്ഥാപനങ്ങളെ അനുവദിക്കാനാവില്ല.ഇത് അനുവദിച്ചാല്‍, ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ മുഴുവന്‍ ഉദ്ദേശവും തകിടം മറിക്കുമെന്നും എന്‍സിഡിആര്‍സി ചൂണ്ടിക്കാട്ടി.
73 1 minute read