BREAKINGNATIONAL

ചത്ത് വീണ കോഴിയുടെ വായില്‍ നിന്ന് ‘തീയും പുകയും’; ഭയപ്പെടുത്തുന്ന സംഭവം കര്‍ണ്ണാടകയില്‍

കര്‍ണ്ണാടകയിലെ ഒരു ഗ്രാമത്തില്‍ 12 കോഴികള്‍ ദുരൂഹസാഹചര്യത്തില്‍ ചത്ത് വീണത് ഏവരെയും ഭയപ്പെടുത്തി. കോഴികള്‍ ചത്തു വീണു എന്നതിനപ്പുറത്ത് ചത്ത് വീണ കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീ തുപ്പിയതാണ് ആളുകളെ ഭയപ്പെടുത്തിയത്. ചത്ത് വീണ ഒരു കോഴികളുടെ ശരീരത്തില്‍ അമര്‍ത്തുമ്പോള്‍ അതിന്റെ വായില്‍ നിന്നും തീയും പുകയും വരുന്ന വീഡിയോകള്‍ സമൂഹ മധ്യമങ്ങളില്‍ വൈറലായി.
ഡോം ലൂക്രെ, ബ്രേക്കര്‍ ഓഫ് നരേറ്റീവ്‌സ് എന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. സകലീഷ്പൂര്‍ എന്ന ഇന്ത്യന്‍ ഗ്രാമത്തിലെ എല്ലാ കോഴികളും ദുരൂഹമായി ചത്തൊടുങ്ങുകയും അമര്‍ത്തുമ്പോള്‍ അവയുടെ വായില്‍ നിന്ന് തീ പുറന്തള്ളുകയും ചെയ്തു. ഇത് പരിഭ്രാന്തി പരത്തി. വീഡിയോ പങ്കുവച്ച് കൊണ്ട് ഡോം എഴുതി. ഒന്നേമുക്കാല്‍ കോടിയോളം ആളുകള്‍ ഇതിനകം വീഡിയോ കാണുകയും ഏതാണ്ട് എണ്ണായിരത്തിന് മുകളില്‍ ആളുകള്‍ വീഡിയോ തങ്ങളുടെ സമൂഹ മാധ്യമ ഹാന്റിലുകളില്‍ പങ്കുവയ്ക്കുകയും ചെയ്തു. അതേസമയം വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞ ഡിസംബര്‍ 18 -ന് കര്‍ണ്ണാടകയിലെ സകലേഷ്പൂരിലെ ഹാഡിഗെ ഗ്രാമത്തിലെ രവി എന്നയാളുടെ കോഴികളാണ് ചത്തതെന്ന് ഉദയവാണി റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോ വൈറലായതോടെ ഇത് യഥാര്‍ത്ഥ്യമാണോ അതോ എഐ വീഡിയോയാണോ എന്ന് ചോദിച്ച് നൂറ് കണക്കിന് കുറിപ്പുകളാണ് പങ്കുവയ്ക്കപ്പെട്ടത്. മറ്റ് ചിലര്‍ കോഴികളെ ആരെങ്കിലും എന്തെങ്കിലും തരത്തിലുള്ള വിഷം നല്‍കിയിട്ടുണ്ടാകാമെന്നും അതാകാം അവയുടെ വായില്‍ നിന്നും തീ പുറത്ത് വരാന്‍ കാരണമെന്നും സംശയം പ്രകടിപ്പിച്ചു.
കോഴികള്‍ എന്തെങ്കിലും തരത്തിലുള്ള വിഷ പദാര്‍ത്ഥം പ്രത്യേകിച്ചും എക്‌സോതെര്‍മിക് പ്രതിപ്രവര്‍ത്തനത്തിന് തരത്തിലുള്ള വസ്തുക്കള്‍ എന്തെങ്കിലും കഴിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നു. അബദ്ധത്തിലോ മനപൂര്‍വ്വമോ കോഴിത്തീറ്റയില്‍ കലര്‍ത്തിയ വിഷപദാര്‍ത്ഥങ്ങള്‍ ഇത്തരം ചില അസാധാരണമായ കാര്യങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് ഒരു എക്‌സ് ഉപയോക്താവ് എഴുതി. ചത്ത് കോഴികളുടെ ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള വാതകമോ രാസവസ്തുക്കളോ കടന്നിട്ടുണ്ടാകാമെന്നും അതാണ് അമര്‍ത്തുമ്പോള്‍ തീ പുറത്ത് വരുന്നതെന്നും മറ്റ് ചിലര്‍ കുറിച്ചു. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് കോഴികളുടെ ഉടമയായ രവി പോലീസിന് പരാതി നല്‍കിയതായി ഉദയവാണ് റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button