തൃശൂർ: ഒരു വയസുകാരന്റെ മരണകാരണം ചികിത്സ വൈകിയതെന്ന് പരാതി. നടത്തറ സ്വദേശി ദ്രിയാസ് (ഒന്ന്) ആണ് മരിച്ചത്. തൃശൂർ ഒല്ലൂരിലാണ് സംഭവം. പനി ബാധിച്ചെത്തിയ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചതാണ് മരണത്തിനിടയാക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ഒല്ലൂരിലെ വിൻസെന്റ് ഡി പോൾ ആശുപത്രിക്കെതിരെ കുടുംബം ഒല്ലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇന്നലെ വൈകീട്ട് നാലരയോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. ഒമ്പത് മണിയായിട്ടും കുട്ടിക്ക് ചികിത്സ നൽകിയിരുന്നില്ല. ആരോഗ്യസ്ഥിതി വഷളായതോടെ കുട്ടിയെ തൃശൂരിലെ മിഷൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ജീവന്‍ രക്ഷിക്കാനായില്ല. പനി ബാധിച്ചെത്തിയ കുട്ടിയെ ഡോക്ടർ ചികിത്സിക്കുന്നതിന് പകരം നഴ്സ് ചികിത്സിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.