BREAKINGKERALA

ചിറ്റാരിപ്പറമ്പ് ശിവ വിഷ്ണുക്ഷേത്രത്തില്‍ നടക്കിരുത്തിയത് തലയെടുപ്പുള്ള റോബോട്ടിക് കൊമ്പനെ

കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് എടയാര്‍ – വടക്കുമ്പാട് ശിവ വിഷ്ണുക്ഷേത്രത്തില്‍ റോബോട്ടിക് കൊമ്പനാനയെ നടക്കിരുത്തി. ‘വടക്കുമ്പാട് ശങ്കരനാരായണന്‍’ എന്നാണ് ഈ റോബോ കൊമ്പനാനക്ക് നല്‍കിയിരിക്കുന്ന പേര്. പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഏറെ ആഘോഷത്തോടെയാണ് റോബോ കൊമ്പന്റെ നടയ്ക്കിരുത്തല്‍ ചടങ്ങ് നാട്ടുകാര്‍ കൊണ്ടാടിയത്. തലയെടുപ്പോടെ ഘോഷയാത്രയില്‍ പങ്കെടുത്ത കൊമ്പനെ കാണാന്‍ നിരവധി ആളുകളാണ് ക്ഷേത്ര പരിസരത്ത് തടിച്ചു കൂടിയത്. മേളത്തിനൊപ്പം കണ്ണിറുക്കിയും ചെവി ആട്ടിയും തുമ്പിക്കൈ വീശിയും ഒക്കെ റോബോ കൊമ്പന്‍ ആളുകളെ രസിപ്പിച്ചു.
ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥ ആന തന്നെയെന്ന് തോന്നിപ്പിക്കുന്ന ഈ റോബോട്ടിക് ആനയെ നിര്‍മ്മിച്ചത് ആനകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ദില്ലി ആസ്ഥാനമായുള്ള സംഘടനയായ പെറ്റ ഇന്ത്യ (പീപ്പിള്‍സ് ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ്) ആണ്. 6 ലക്ഷം രൂപ വരുന്ന റോബോ കൊമ്പനെ എടയാര്‍ – വടക്കുമ്പാട് ശിവ വിഷ്ണുക്ഷേത്രത്തിന് നടി വേദികയുടെ കൂടി സഹകരണത്തോടെ പെറ്റ ഇന്ത്യ സൗജന്യമായാണ് നിര്‍മ്മിച്ചു നല്‍കിയത്. 600 കിലോഗ്രാം ഭാരവും 10 അടി ഉയരവുമുണ്ട് ഈ റോബോട്ടിക് ആനയ്ക്ക്. ഇരുമ്പ്, ഫൈബര്‍, സ്‌പോഞ്ച്, റബര്‍ എന്നിവയാണ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും ബാറ്ററിയിലാണ് ഇതിന്റെ പ്രവര്‍ത്തനം.
ശിവന്‍, വിഷ്ണു, ദേവന്മാര്‍ പ്രധാന പ്രതിഷ്ഠയായുള്ള ക്ഷേത്രമായതിനാലാണ് വടക്കുമ്പാട് ശങ്കരനാരായണന്‍ എന്ന പേര് റോബോ ആനയ്ക്ക് നല്‍കിയതെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. ജീവനുള്ള ആനകളെ ക്ഷേത്രാചാരങ്ങള്‍ക്കായി വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ഇല്ലെന്ന ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനത്തെ മാനിച്ചാണ് ഇത്തരത്തില്‍ ഒരു റോബോട്ടിക് ആനയെ സംഭാവന ചെയ്തതെന്ന് പെറ്റ ഇന്ത്യയുടെ പത്രക്കുറിപ്പില്‍ പറയുന്നു. ശിശുദിനമായ ഇന്നലെയാണ് റോബോ കൊമ്പനെ നടയ്ക്കിരുത്തിയത്.
നിലവില്‍ ആനകളെ ഉപയോഗിക്കുന്ന എല്ലാ വേദികളിലും ആഘോഷങ്ങളിലും അതിന് പകരമായി യഥാര്‍ത്ഥ ആനകള്‍ എന്ന് തോന്നിപ്പിക്കുന്ന മെക്കാനിക്കല്‍ ആനകളെ ഉപയോഗിക്കണമെന്നാണ് പെറ്റ ഇന്ത്യ വാദിക്കുന്നത്. ഇതിനോടകം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി അഞ്ച് റോബോ ആനകളെ പെറ്റ ഇന്ത്യ സംഭാവന ചെയ്തിട്ടുണ്ട്. തൃശ്ശൂരിലെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് നടി പാര്‍വതി തിരുവോത്തിന്റെ കൂടി സഹകരണത്തോടെ സംഭാവന ചെയ്ത ഇരിഞ്ഞാടപ്പിള്ളി രാമന്‍, നടി പ്രിയാമണിയുടെ പിന്തുണയോടെ കൊച്ചി തൃക്കയില്‍ മഹാദേവ ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്ത മഹാദേവന്‍, അഭിനേതാക്കളായ ഐന്ദ്രിത റേയുടെയും ദിഗന്ത് മഞ്ചാലെയുടെയും പിന്തുണയോടെ മൈസൂരിലെ ജഗദ്ഗുരു ശ്രീ വീരസിംഹാസന മഹാസംസ്ഥാന മഠത്തിലേക്ക് നല്‍കിയ ശിവ, നടി ആദാ ശര്‍മ്മയുടെ പിന്തുണയോടെ തിരുവനന്തപുരം പൗര്‍ണമിക്കാവ് ക്ഷേത്രത്തിലേക്ക് നല്‍കിയ ബാലദാസന്‍, ശ്രീ സിദ്ധലിംഗേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് നല്‍കിയ നിരഞ്ജന എന്നിവയാണ് മറ്റ് അഞ്ച് റോബോ ആനകള്‍.

Related Articles

Back to top button