ആത്മാംശമുള്ള കഥാപാത്രങ്ങളായിരുന്നു എം ടിയുടെ ചെറുകഥകളെ ജീവസുറ്റതാക്കിയത്. 1953ൽ എഴുതിയ വളർത്തുമൃഗങ്ങൾ മുതൽ 1998-ലെഴുതിയ കാഴ്ച വരെ നീളുന്ന കഥാപ്രപഞ്ചം. മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷരമുദ്രയാണ് എം ടി എന്ന രണ്ടക്ഷരങ്ങൾ. കടുത്ത വൈകാരിക സംഘർഷങ്ങൾ അനുഭവിക്കുന്ന മനുഷ്യരുടെ മാനസികാവസ്ഥകളെ കാവ്യാത്മകവും ഭാവഭദ്രവുമായ രീതിയിൽ അവതരിപ്പിക്കുന്നവയായിരുന്നു എം ടിയുടെ കഥകൾ. തലമുറഭേദമില്ലാതെ വായനക്കാർ എം ടിയുടെ കഥകൾ ഏറ്റെടുത്തത് അവ കാലാദേശാശീതമായി വായനക്കാരുമായി സംവദിച്ചതിനാലാണ്.എം ടി വാസുദേവൻ നായർ എന്ന ചെറുകഥാകൃത്ത് മലയാള വായനക്കാരുടെ പൊതുശ്രദ്ധയിലേക്കെത്തിയത് വളർത്തുമൃഗങ്ങൾ എന്ന ചെറുകഥ 1954-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതോടെയാണ്. ലോകകഥാമത്സരത്തിന്റെ ഭാഗമായി മലയാളത്തിൽ മാതൃഭൂമി നടത്തിയ മത്സരത്തിൽ ഒന്നാം സമ്മാനാർഹമായത് ‘വളർത്തുമൃഗങ്ങൾ’ ആയിരുന്നു. തുടർന്ന് പുറത്തുവന്ന ‘ഇരുട്ടിന്റെ ആത്മാവ്’, ‘കുട്ട്യേടത്തി’, ‘ഓപ്പോൾ’ എം ടിയുടെ കഥാപരിസരത്തെ മലയാളിക്ക് കൂടുതലായി പരിചയപ്പെടുത്തി.
1958-ൽ നാലുകെട്ട് എന്ന നോവൽ പുറത്തുവന്നതോടെ, മലയാള സാഹിത്യലോകത്ത് എം ടി തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു. ബന്ധനം, സ്വർഗം തുറക്കുന്ന സമയം, ദാർ- എസ്- സലാം, പെരുമഴയുടെ പിറ്റേന്ന് തുടങ്ങി എത്രയോ കഥകൾ. 1998 ൽ പുറത്തുവന്ന ‘കാഴ്ച’യാണ് എംടി ഒടുവിൽ എഴുതിയ കഥ. ‘വാനപ്രസ്ഥം’, ‘ഷെർലക്’, ‘ചെറിയ ചെറിയ ഭൂകമ്പങ്ങൾ’, ‘ശിലാലിഖിതം’ ‘കൽപാന്തം’ തുടങ്ങിയ കഥകളെല്ലാം പുറത്തുവന്നത് തൊണ്ണൂറുകളിലായിരുന്നു.
സ്വന്തം നാടായ കൂടല്ലൂരിലെ ജീവിതാനുഭവങ്ങളേയും രീതികളേയും യാഥാർഥ്യപ്രതീതിയുള്ള കഥാപാത്രങ്ങളിലൂടെ ജീവസുറ്റതാക്കാനുള്ള ശ്രമമാണ് പല ചെറുകഥകളിൽ എം ടി നടത്തിയത്. വള്ളുവനാടൻ ഭാഷയും സംസ്‌കാരവും മലയാള സാഹിത്യത്തിന് എം ടി കൃതികളിലൂടെയാണ് മലയാളി അറിഞ്ഞനുഭവിച്ചത്. എഴുത്തിൽ ആത്മസമർപ്പണത്തിന്റെ രീതിയായിരുന്നു എം ടിയുടേത്. ഒരു ചെറുകഥ താനുദ്ദേശിച്ച നിലവാരത്തിലേക്ക് എത്തുന്നില്ലെങ്കിൽ ഉപേക്ഷിച്ചുകളയുമെന്ന് എം ടി തന്നെ പറഞ്ഞിട്ടുണ്ട്. മുമ്പ് എഴുതിയ കഥയേക്കാൾ മെച്ചപ്പെട്ട ഒരു കഥ എഴുതാനായില്ലെങ്കിൽ എഴുതാതിരിക്കുകയാണ് നല്ലത് എന്നായിരുന്നു എം ടിയുടെ മതം.