BREAKINGKERALA
Trending

ഛായാഗ്രാഹക കെ.ആര്‍. കൃഷ്ണ കശ്മീരില്‍ അന്തരിച്ചു

പെരുമ്പാവൂര്‍: ജമ്മുകശ്മീരില്‍ സിനിമാ ഷൂട്ടിങ്ങിനുപോയ ഛായാഗ്രാഹകയും വിമെന്‍ ഇന്‍ സിനിമ കളക്ടീവ് അംഗവുമായ കെ.ആര്‍. കൃഷ്ണ (30) മരിച്ചു. മുടക്കുഴ കണ്ണഞ്ചേരിമുകള്‍ കോടമ്പ്രം രാജന്റെയും ഗിരിജയുടെയും മകളാണ്. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ രോഗം മൂര്‍ഛിച്ചു മരിച്ചുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
തെലുങ്ക് ചിത്രത്തിന്റെ ഛായാഗ്രാഹകയായിരുന്ന കൃഷ്ണ ഒരു മാസം മുന്‍പ് നാട്ടില്‍ വന്നുപോയതാണ്. ശ്രീനഗറിലും അരുണാചല്‍പ്രദേശിലുമായിരുന്നു ഷൂട്ടിങ്. 20-ാം വയസ്സില്‍ സിനിമാറ്റോഗ്രഫി പഠിച്ച കൃഷ്ണ, വിനീത് ശ്രീനിവാസന്‍ നായകനായ മനോഹരം എന്ന ചിത്രത്തിന്റെ സഹഛായാഗ്രാഹകയായിരുന്നു. ആദ്യം പരസ്യചിത്രരംഗത്തായിരുന്നു.
മരണവിവരം അറിഞ്ഞ് സഹോദരന്‍ ഉണ്ണി കശ്മീരില്‍ എത്തിയിട്ടുണ്ട്. കണ്ണന്‍ എന്ന ഒരു സഹോദരന്‍ കൂടിയുണ്ട്. ചൊവ്വാഴ്ച വൈകീട്ട് നെടുമ്പാശ്ശേരി വിമാനത്താവളം വഴി മൃതദേഹം നാട്ടിലെത്തിക്കും. ബുധനാഴ്ച സംസ്‌കാരം നടക്കും.മുന്‍പ് പെരുമ്പാവൂരും കുറുപ്പംപടിയിലും ഇപ്പോള്‍ കോതമംഗലത്തും ഗിന്നസ് എന്ന പേരില്‍ കൃഷ്ണയുടെ കുടുംബം സ്റ്റുഡിയോ നടത്തുന്നുണ്ട്.

Related Articles

Back to top button