ന്യൂഡല്‍ഹി: മുതിര്‍ന്ന സി.പി.എം. നേതാവ് പി.ജയരാജന്‍ വധശ്രമക്കേസിലെ പ്രതികളായ ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ കുറ്റവിമുക്തരാക്കിയ ജഡ്ജിയെ കേരള റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയര്‍പേഴ്സണ്‍ ആയി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് പി. സോമരാജനെയാണ് സംസ്ഥാന സര്‍ക്കാര്‍ കേരള റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയര്‍പേഴ്സണ്‍ ആയി നിയമിച്ചത്.
സംസ്ഥാന തദ്ദേശഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മ്മിള മേരി ജോസഫാണ് ജസ്റ്റിസ് പി. സോമരാജനെ കേരള റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയര്‍പേഴ്സണായി നിയമിച്ച് കൊണ്ടുള്ള ഉത്തരവിറക്കിയത്. തനിക്കെതിരായ വധശ്രമക്കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിയെ പി. ജയരാജന്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ജുഡീഷ്യറിയുടെ പല തലങ്ങളിലും ആര്‍.എസ്.എസിന്റെ ഇടപെടലുകള്‍ സാര്‍വ്വത്രികമായി ചര്‍ച്ച ചെയ്യപ്പെടുന്നത് കൊണ്ടു തന്നെ കേരള ഹൈക്കോടതിയുടെ ഈ കേസിലെ നടപടിക്രമങ്ങള്‍ താന്‍ സസൂക്ഷ്മം പിന്തുടര്‍ന്നിരുന്നുവെന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു ജയരാജന്റെ വിമര്‍ശനം.
ജയരാജന്‍ വധശ്രമക്കേസിലെ ആറുപ്രതികളില്‍ ഒരാളെ ഒഴികെ മറ്റുള്ളവരെയെല്ലാം ജസ്റ്റിസ് പി.സോമരാജന്റെ ഹൈക്കോടതി ബെഞ്ച് വെറുതെ വിട്ടിരുന്നു. കേസിന്റെ കാര്യത്തില്‍ കോടതി നീതീകരിക്കാനാകാത്ത ധൃതി കാണിച്ചുവെന്നും ജയരാജന്‍ കുറ്റപ്പെടുത്തിയിരുന്നു. ജയരാജന്‍ വധശ്രമക്കേസില്‍ ജസ്റ്റിസ് സോമരാജന്‍ പുറപ്പടിവിച്ച ഉത്തരവിന് എതിരേ സംസ്ഥാന സര്‍ക്കാരും ജയരാജനും ഫയല്‍ ചെയ്ത അപ്പീലുകള്‍ നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ ആണ്.
68 1 minute read