ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. രാവിലെ പത്തിന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുക്കും. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് ഈ പദവയില്‍ രണ്ടുവര്‍ഷം ലഭിച്ചെങ്കില്‍ ജസ്റ്റിസ് ഖന്നയ്ക്ക് ആറ് മാസമാണുണ്ടാവുക. 2025 മേയ് 13-ന് ജസ്റ്റിസ് ഖന്ന വിരമിക്കും.
ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി ശരിവെക്കല്‍, കേന്ദ്ര സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി റദ്ദാക്കല്‍ തുടങ്ങിയവ ജസ്റ്റിസ് ഖന്ന ഉള്‍പ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധികളാണ്. മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ഇടക്കാലജാമ്യം നല്‍കിയതും ജസ്റ്റിസ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ്.
ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ് രാജ് ഖന്നയുടെയും ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളജില്‍ ഹിന്ദി ലക്ചറര്‍ ആയിരുന്ന സരോജ് ഖന്നയുടെയും മകനായി 1960 മേയ് 14-നാണ് സഞ്ജീവ് ഖന്നയുടെ ജനനം. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് നിയമബിരുദമെടുത്തശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന ഖന്ന 2005-ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി. അടുത്തവര്‍ഷം ഡല്‍ഹി ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയുമായി. 2019 ജനുവരി 18-നാണ് സുപ്രീംകോടതിയിലെത്തിയത്.
58 Less than a minute