BREAKINGKERALA

ജീവിതകാലം മുഴുവന്‍ സമ്പാദിച്ച പണം നിഷേധിച്ചു; സൊസൈറ്റിക്കെതിരേ കുറിപ്പെഴുതി വ്യാപാരി മരിച്ച നിലയില്‍

കട്ടപ്പന: കട്ടപ്പനയില്‍ സെന്‍ട്രല്‍ ജങ്ഷനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വ്യാപാരിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവിനെയാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. കട്ടപ്പന പള്ളിക്കവലയില്‍ വെറൈറ്റി ലേഡീസ് സെന്റര്‍ നടത്തുകയായിരുന്നു സാബു. കട്ടപ്പന റൂറല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
‘എല്ലാവരും അറിയാന്‍… എന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറി റെജി, സ്റ്റാഫായ ബിനോജ്, സുജമോള്‍ എന്നിവരാണ്… എന്റെ ജീവിതകാലം മുഴുവന്‍ സമ്പാദിച്ച പണം നിഷേധിച്ചു. റൂറല്‍ ഡെവലപ്മെന്റ് ബാങ്കില്‍ എന്റെ ഭാര്യയുടെ ചികിത്സയ്ക്കായി ചെന്ന എന്നെ അപമാനിക്കുകയും പിടിച്ചു തള്ളുകയും ചെയ്ത ബിനോജും മറ്റുള്ളവരും പണം തരാതിരിക്കുകയും അസഭ്യം പറഞ്ഞ് ഒഴിവാക്കുകയുമാണ് ചെയ്തത്. ഇനി ആര്‍ക്കും ഈ അവസ്ഥ വരരുത്.’- കുറിപ്പില്‍ പറയുന്നു.
നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ സൊസൈറ്റിയില്‍ എത്തിയിരുന്നു. എന്നാല്‍ നിക്ഷേപ തുക തിരികെ ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം. ഇതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസും ബി.ജെ.പിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്ത് എത്തി. ഒന്നു മുതല്‍ അഞ്ചു വരെ കട്ടപ്പനയില്‍ ഹര്‍ത്താലിന് കോണ്‍ഗ്രസും ബി.ജെ.പിയും ആഹ്വാനം ചെയ്തു. നെടുങ്കണ്ടം കട്ടപ്പന സ്റ്റേഷനുകളില്‍ നിന്നും വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

Related Articles

Back to top button