BREAKINGBUSINESSNATIONAL

ഡെലിവറി ചെയ്തത് 9 കോടിയിലധികം ബിരിയാണി, കാപ്പിയെ മറികടന്ന് ചായ; 2024 ല്‍ സോമറ്റോയില്‍ ട്രെന്‍ഡിങ്ങായ ഭക്ഷണങ്ങള്‍

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സോമറ്റോ എല്ലാ വര്‍ഷവും തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വിടാറുണ്ട്. ഇപ്പോഴിതാ 2024ലെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യക്കാരുടെ ഭക്ഷണ പ്രിയവും 2024 ലെ ട്രെന്‍ഡിങ് ഭക്ഷണവും ഉള്‍പ്പടെ ഇത് നോക്കിയാല്‍ മനസിലാക്കാന്‍ കഴിയും. റിപ്പോര്‍ട്ട് പ്രകാരം, സൊമാറ്റോയുടെ ഹിറ്റ് ചാര്‍ട്ടില്‍ തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും ഒന്നാം സ്ഥാനത്തുള്ളത് ബിരിയാണിയാണ്.
2024-ല്‍ 9,13,99,110 ബിരിയാണിയാണ് സോമറ്റോ ഡെലിവറി ചെയ്തിട്ടുള്ളത്. ഓരോ സെക്കന്‍ഡിലും മൂന്നിലധികം ബിരിയാണികള്‍ വിതരണം ചെയ്തതായി സൊമാറ്റോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങളില്‍ ബിരിയാണിയുടെ ആധിപത്യം പുതിയതല്ല. ഏകദേശം ഒരു പതിറ്റാണ്ടായി, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലുടനീളം ബിരിയാണിയുടെ ഡിമാന്‍ഡ് വലുതാണ്. ബിരിയാണിക്ക് തൊട്ടുപിന്നാലെ, രണ്ടാം സ്ഥാനം നേടിയത് പിസ്സയാണ്, രാജ്യത്തുടനീളം സോമാറ്റോ 5,84,46,908 പിസകള്‍ വിതരണം ചെയ്തു.
അതേസമയം, പാനീയങ്ങളിലേക്ക് വരുമ്പോള്‍ ഈ വര്‍ഷം ചായ കാപ്പിയെ മറികടന്നു. കാപ്പി പ്രിയരേ കൂടുതലുള്ള ഇന്ത്യയില്‍ സൊമാറ്റോ കൂടുതലും വിതരണം ചെയ്തത് ചായയാണ്. 77,76,725 കപ്പ് ചായയാണ് സോമറ്റോ 2024 ല്‍ മാത്രം ഡെലിവറി ചെയ്തത്. അതേസമയം ഡെലിവറി ചെയ്ത കോഫിയുടെ എണ്ണം 74,32,856 ആണ്.
സോമറ്റോ വഴി റെസ്‌റോറന്റുകളില്‍ ടേബിളുകള്‍ റിസര്‍വ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇത് പ്രയോജനപ്പെടുത്തി 1,25,55,417 ഇന്ത്യക്കാര്‍ ഈ വര്‍ഷം ടേബിളുകള്‍ റിസര്‍വ് ചെയ്തതായി സോമറ്റോ വ്യക്തമാക്കി. ഫാദേഴ്സ് ഡേ ആയിരുന്നു ഇതില്‍ ഏറ്റവും തിരക്കേറിയ ദിവസം എന്ന സോമറ്റോയുടെ കണക്കുകള്‍ പറയുന്നു. 84,866 റിസര്‍വേഷനുകള്‍ അന്ന് ഒരു ദിവസംകൊണ്ട് നടന്നത്.

Related Articles

Back to top button