തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. പാലക്കാട് തച്ചൻപാറ അടക്കം മൂന്ന് പഞ്ചായത്തുകൾ ഇടതിന് നഷ്ടമാകും. തച്ചമ്പാറക്ക് പുറമേ തൃശ്ശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളിലാണ് ഭരണമാറ്റം. മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫ് അട്ടിമറി വിജയം നേടി. കോട്ടയം അതിരമ്പുഴ മൂന്നാം വാർഡും കൊല്ലം പടിഞ്ഞാറേ കല്ലട എട്ടാം വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. കണ്ണൂർ കണിച്ചാൽ മാടായി പഞ്ചായത്തുകൾ എൽഡിഎഫ് നിലനിർത്തി. ഇതുവരെ ഫലം വന്ന 29 വാർഡിൽ 15 ഇടത്ത് യുഡിഎഫും. എൽഡിഎഫ് 11 ഇടത്ത്. മൂന്ന് വാർഡിൽ ബിജെപിയെന്നാണ് സീറ്റ് നില.
തൃശ്ശൂർ നാട്ടികയിൽ യുഡിഎഫിന് അട്ടിമറി വിജയം. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ 260 വോട്ടിന് എൽഡിഎഫ് വിജയിച്ച വാർഡിലാണ് യുഡിഎഫിന്റെ അട്ടിമറി വിജയം. ഇത് ഇതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി.
ചൊവ്വന്നൂർ പഞ്ചായത്ത് മൂന്നാം വാർഡ് യുഡിഎഫ് നിലനിർത്തി. സെബി മണ്ടു മ്പാൽ 25 വോട്ടിന് വിജയിച്ചു. കൊടുങ്ങല്ലൂർ നഗരസഭ 41-ാം വാർഡിൽ എൻഡിഎ സീറ്റ് നിലനിർത്തി. എൻഡിഎ സ്ഥാനാർത്ഥി ഗീതാറാണി വിജയിച്ചു.