തിരുവനന്തപുരം: തിരുവനന്തപുരത്ത് കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മര്യനാട് സ്വദേശി ജോഷ്വായുടെ (19) മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യതൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നുച്ചയ്ക്കാണ് കടലില്‍ കുളിക്കുന്നതിനിടെ ജോഷ്വയെ കാണാതായത്.
തിരുവനന്തപുരം അഞ്ചുതെങ്ങ് കോസ്റ്റല്‍ സ്റ്റേഷന്‍ പരിധിയില്‍ ക്രിസ്മസ് ദിനത്തില്‍ കടലില്‍ കുളിക്കുന്നതിനിടെ മൂന്ന് പേരെയാണ് കാണാതായത്. അഞ്ചുതെങ്ങിന് പുറമേ സെന്റ് ആന്‍ഡ്രൂസിലും മര്യനാട്ടുമാണ് അപകടമുണ്ടായത്.
പഞ്ചായത്തുനട സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥി നെവിന്‍ (18) ആണ് സെന്റ് ആന്‍ഡ്രൂസില്‍ ഒഴുക്കില്‍പ്പെട്ടത്. ക്രിസ്മസ് ദിനത്തില്‍ രാവിലെ പത്തുമണിയോടെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ നെവിന്‍ കടലില്‍ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അഞ്ചുതെങ്ങില്‍ കടയ്ക്കാവൂര്‍ സ്വദേശികളായ നാലാംഗ സംഘത്തില്‍പ്പെട്ട ആളെയാണ് കടലില്‍ കുളിക്കുന്നതിനിടെ കാണാതായത്. വൈകിട്ട് 4:45 ഓടെയായിരുന്നു സംഭവം. കാണാതായ മറ്റ് രണ്ടുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
57 Less than a minute