തൃശൂർ: തൃശൂരിൽ നാശം വിതച്ച് വീണ്ടും മിന്നൽ ചുഴലി. ഇന്ന് ഉച്ചയോടു കൂടിയാണ് ശക്തമായ മഴയോട് കൂടി മിന്നൽ ചുഴലി ഉണ്ടായത്. കനത്ത കാറ്റിൽ എരുമപ്പെട്ടിയിൽ വൈദ്യുത പോസ്റ്റുകൾ നിലംപതിച്ചു. ചാവക്കാട് പാപ്പാളിയിലും കോലഴിയിലുമടക്കം വിവിധയിടങ്ങളിൽ കാറ്റിൽ വ്യാപക നഷ്ടമാണുണ്ടായത്. കോലഴിയിൽ പൂവണി ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിൽ തെങ്ങ് വീണും അപകടമുണ്ടായി. വിവിധയിടങ്ങളിൽ വൈദ്യുത പോസ്റ്റുകളും നിലം പതിച്ചു. അയ്യന്തോൾ റോഡിൽ രണ്ട് വലിയ മാവുകൾ വീണു. സമീപത്തുണ്ടായിരുന്ന തട്ടുകടക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാഞ്ഞാണിയിൽ മിന്നൽ ചുഴലിയിൽ തെങ്ങിൻ പട്ട വന്നടിച്ച് യാത്രക്കാരുമായി പോയിരുന്ന ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു. അതിരപ്പിള്ളിയിൽ മരച്ചില്ല പൊട്ടി വീണ് കോഴിക്കോട് സ്വദേശിയായ വിനോദസഞ്ചാരി സിജു പി വിൻസെന്റിന് പരിക്കേറ്റു. പാവറട്ടി സർസൈദ് സ്കൂളിലെ ടെറഫിന്റെ ഇരുമ്പ് കാലുകളും തകർന്നു വീണു. കുന്നംകുളത്ത് കാണിപ്പയൂർ സർവ്വീസ് സഹകരണ ബാങ്കിന് സമീപം മരം കടപുഴകി വീണു വൈദ്യുതി പോസ്റ്റ് തകർന്നു. ശക്തമായ കാറ്റിൽ മുനക്കക്കടവ് അഴിമുഖത്ത് മീൻ പിടിക്കാനിറങ്ങിയ മത്സ്യബന്ധനവള്ളം അപകടത്തിൽപെട്ടു. തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
91 Less than a minute