ഇപ്റ്റയുടെ ആഭിമുഖ്യത്തിൽ ചാരുമ്മൂട്ടിൽ തോപ്പിൽ ഭാസി അനുസ്മരണ പരിപാടി നടത്തി.കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലൂടെ മഹാനായ നാടകാചാര്യൻ തോപ്പിൽ ഭാസി തുടങ്ങി വച്ച സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള നാടക പ്രവർത്തനങ്ങൾ ആ കാലഘട്ടത്തിലെ ജനസഞ്ചയത്തെയും നാടക വിദ്യാർത്ഥികളെയും പ്രചോദിപ്പിക്കുകയും ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ പിറവി കൊള്ളുന്നതിന് വഴിയൊരുക്കുകയും ചെയ്തു. അതിന്റെ ചാലക ശക്തിയായി വർത്തിച്ച തോപ്പിൽ ഭാസിയെ ചരിത്രം എന്നും അഭിമാനത്തോടെ സ്മരിക്കുമെന്ന് തോപ്പിൽ ഭാസി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇപ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: എൻ. ബാലചന്ദ്രൻ പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി തോപ്പിൽ ഭാസി അനുസ്മരണ പ്രഭാഷണം നടത്തി.ഇപ്റ്റ ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് സി.പി. മനേക്ഷാ അദ്ധ്യക്ഷം വഹിച്ച സമ്മേളനത്തിൽ ഇപ്റ്റ ദേശീയ ജോയിൻ്റ് സെക്രട്ടറിയും ചലച്ചിത്ര സംവിധായകനുമായ ആർ. ജയകുമാർ, ഇപ്റ്റ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും നാടക സംവിധായകനുമായ അടൂർ ഹിരണ്യ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം സിനുഖാൻ, അഡ്വ: പ്രസന്ന തംബുരു, ഇപ്റ്റ ജില്ലാ സെക്രട്ടറി സുരേഷ് കണ്ടനാട്, ഇപ്റ്റ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനു കാരക്കാട്ട്, സജീഷ് തമ്പുരാൻ എന്നിവർ സംസാരിച്ചു.തുടർന്ന് ഇപ്റ്റ ജില്ലാ ഗായക സംഘത്തിലെ ശ്രേയ.ബി. രാജ്, ഭാവേഷ് എന്നിവർ നയിച്ച നാടക ഗാനങ്ങളുടെ അവതരണവും നടന്നു.
95 1 minute read