BREAKINGINTERNATIONAL
Trending

ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം കത്തിച്ചാമ്പലായി; മരണസംഖ്യ ഉയരുന്നു, ഇതുവരെ 62 മരണം

സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് അപകടം. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. ഇതുവരെ 62 പേരുടെ മരണം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.
175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 09.07-നായിരുന്നു അപകടം.
തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളമായ മുവാനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു. വിമാനത്തിലെ 175 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്‍മാരും രണ്ടുപേര്‍ തായ്ലന്‍ഡ് സ്വദേശികളുമാണെന്ന് അധികൃതര്‍ അറിയിച്ചു.
അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് രണ്ടുപേരെ ജീവനോടെ പുറത്തെടുത്തിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.
വിമാനത്തിന്റെ ലാന്‍ഡിങ്ങിന് പ്രശ്നം സൃഷ്ടിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിന് തകരാര്‍ സംഭവിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദൃശ്യങ്ങള്‍ നല്‍കുന്ന സൂചനകള്‍ വിരല്‍ചൂണ്ടുന്നതും ലാന്‍ഡിങ് ഗിയര്‍ തകരാറിലേക്കാണ്.

Related Articles

Back to top button