പത്തനംതിട്ട:പത്തനംതിട്ട സിപിഎം ജില്ലാ സമ്മേളനത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനെതിരെ രൂക്ഷവിമര്‍ശനം. ബിജെപി നേതാവ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച നടത്തിയതല്ല പ്രശ്‌നമെന്നും ദല്ലാള്‍ നന്ദകുമാറുമായി ഇപി ജയരാജന് എന്ത് ബന്ധമാണെന്ന് പ്രതിനിധികള്‍ സമ്മേളനത്തിലെ ചര്‍ച്ചക്കിടെ ചോദിച്ചു. പൊതുചര്‍ച്ചയ്ക്കിടെയാണ് വിമര്‍ശനം ഉയര്‍ന്നത്. അതേസമയം, സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാന്‍ മുഖ്യമന്ത്രി തന്നെ ചര്‍ച്ചകളില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധ്യതയുണ്ട്. പൊതുചര്‍ച്ച ഇന്നും തുടരും. മുഖ്യമന്ത്രി വൈകിട്ടോടെ സമ്മേളനത്തിന് എത്തിയേക്കും.
ഇന്നലെ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ കണ്ണൂര്‍ എ ഡി എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവും ചര്‍ച്ചയായിരുന്നു. പത്തനംതിട്ട സ്വദേശിയായതിനാല്‍ തന്നെ നവീന്‍ ബാബുവിന്റെ മരണവും ഇതുസംബന്ധിച്ചുള്ള കേസും പാര്‍ട്ടി നിലപാടുമാണ് സമ്മേളത്തില്‍ ചര്‍ച്ചയായി മാറിയത്. നവീന്‍ ബാബു വിഷയത്തില്‍ പാര്‍ട്ടിക്ക് ഉള്ളില്‍ രൂപപ്പെട്ട ഭിന്നാഭിപ്രായമടക്കം സമ്മേളനത്തില്‍ പ്രതിനിധികള്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.
വിവാദങ്ങള്‍ക്ക് ബലം നല്‍കുന്ന തരത്തില്‍ പത്തനംതിട്ടയിലെ ചില നേതാക്കള്‍ പ്രവര്‍ത്തിച്ചുവെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. അത് എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയായി എന്നും ചര്‍ച്ച ഉയര്‍ന്നു. പി പി ദിവ്യ സി പി എമ്മുകാരി ആയതിനാല്‍ വലതുപക്ഷ മാധ്യമങ്ങളുടെ ഇരയായി മാറിയെന്നും പ്രതിനിധികള്‍ ചൂണ്ടികാട്ടി. നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം എന്ന പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ നിലപാട് ശരിയാണെന്ന അഭിപ്രായവും ഉയര്‍ന്നു. സമ്മേളനത്തിലെ ചര്‍ച്ച ഇന്ന് വൈകിട്ട് വര തുടരും. ശേഷമാകും ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന നേതൃത്വത്തിന്റെയും മറുപടി.
92 1 minute read