BREAKINGKERALA
Trending

നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണം; സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ മൂന്ന് വിദ്യാര്‍ത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മുവിന്റെ സഹപാഠികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും എഫ്‌ഐആറിലും മാറ്റം വരുത്തുമെന്നും പൊലീസ് അറിയിച്ചു. കസ്റ്റിഡിയിലെടുത്ത രണ്ട് പേര്‍ കോട്ടയം സ്വദേശികളും ഒരാള്‍ പത്തനാപുരം സ്വദേശിയുമാണ്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിക്കുന്നത്. അമ്മുവിന്റെ മരണത്തില്‍ സഹപാഠികളായ മൂന്ന് പേര്‍ക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്നും കുടുംബം ആവര്‍ത്തിക്കുന്നു. സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ അമ്മു സജീവിനെ മാനസികമായി പീഡിപ്പിച്ചു. രേഖാമൂലം പരാതി നല്‍കിയിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോളേജ് അധികൃതര്‍ ഇടപെട്ടില്ല. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ അമ്മുവിനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നതിലും ചികിത്സ നല്‍കുന്നതിലും വീഴ്ചയുണ്ടായി എന്നെല്ലാമാണ് കുടുംബം ആവര്‍ത്തിക്കുന്നത്.
അമ്മുവിന്റെ സഹോദരന്‍ അഖിലിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പത്തനംതിട്ട പൊലീസ് മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ആരോപണവിധേയരായ പെണ്‍കുട്ടികളുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അമ്മുവിന്റെ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. ക്ലാസില്‍ സഹപാഠികള്‍ തമ്മിലുണ്ടായ ഭിന്നത കാരണമായി. അതിനിടെ, പൊലീസ് കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് ചുട്ടിപ്പാറ എസ്എംഇ കോളേജിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

Related Articles

Back to top button