മരണത്തെ അതിജീവിക്കാന്‍ ശ്രമം നടത്തുന്ന അമേരിക്കന്‍ കോടീശ്വരന്‍ ബ്രയാന്‍ ജോണ്‍സനെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന ഡോക്യുമെന്റിയുടെ ട്രെയിലര്‍ നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കി. ‘ഡോണ്ട് ഡൈ: ദ മാന്‍ ഹു വാണ്ട്‌സ് ടു ലൈവ് ഫോര്‍ എവര്‍’ (Don’t Die: The Man Who Wants to Live Forever) എന്ന ഡോക്യുമെന്ററിയില്‍ 47 -കാരനായ ഇദ്ദേഹം മരണത്തെ അതിജീവിക്കാനായി നടത്തുന്ന ശ്രമങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്രയാന്‍ ജോണ്‍സന്‍ ഓരോ വര്‍ഷവും കോടികള്‍ ചെലവഴിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ‘ആന്റി ഏജിംഗ് പ്രോട്ടോക്കോള്‍’ ആണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറില്‍ ബ്രയാന്‍ ജോണ്‍സണ്‍ പറയുന്നത് മരണത്തെ അതിജീവിക്കാന്‍ താന്‍ ഒരു ദിവസം 50 -ലധികം ഗുളികകള്‍ കഴിക്കുന്നുണ്ടെന്നാണ്.
മരണത്തെ അതിജീവിക്കാനും എന്നെന്നും യുവത്വം നിലനിര്‍ത്താനുമായി ഓരോ വര്‍ഷവും 16 കോടി രൂപയില്‍ അധികമാണ് നാല്‍പത്തിയേഴുകാരനായ ബ്രയാന്‍ ജോണ്‍സണ്‍ ഓരോ വര്‍ഷവും ചെലവഴിക്കുന്നത്. കൃത്യമായ ഭക്ഷണക്രമവും കടുത്ത വ്യായാമവും പിന്തുടരുന്ന ബ്രയാന്‍, അനുദിനം യൗവനം നിലനിര്‍ത്താനുള്ള പരീക്ഷണങ്ങളിലാണ്. പുറത്തിറങ്ങിയിരിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ ബ്രയാന്‍ ജോണ്‍സണ്‍ പറയുന്നത് തന്റെ മകനോടൊപ്പം തനിക്ക് ഒന്നിലധികം ജന്മം ജീവിക്കണമെന്നും അതിന് നൂറുവര്‍ഷം മതിയാകില്ലെന്നുമാണ്.
ശാസ്ത്രത്തിന്റെ പരമാവധി സാധ്യതകളെ പ്രയോജനപ്പെടുത്തി മരിക്കാതിരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. രക്തകൈമാറ്റ ചികിത്സയിലൂടെയും വ്യായാമങ്ങളിലൂടെയും ഭക്ഷണ നിയന്ത്രങ്ങളിലൂടെയുമാണ് ഇദ്ദേഹം തന്റെ നിത്യയൗവന പരീക്ഷണം നടത്തുന്നത്. ബ്രയാന്റെ ജീവിതചര്യകള്‍ നിയന്ത്രിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘം തന്നെയുണ്ട്. ബയോടെക് കമ്പനിയായ കെര്‍ണേലിന്റെ സിഇഒയാണ് ബ്രയാന്‍ ജോണ്‍സണ്‍. ബ്രയിന്‍ ട്രീ എന്ന പേയ്‌മെന്റ് സൊല്യൂഷന്‍ സ്റ്റാര്‍ട്ട് ആപ്പ് തുടങ്ങിയാണ് ബ്രയാന്‍ അമേരിക്കയില്‍ ചുവടുറപ്പിച്ചത്. 800 മില്യണ്‍ യുഎസ് ഡോളറിനാണ് ഈ കമ്പനി പിന്നീട് അദ്ദേഹം വിറ്റത്.