BREAKINGKERALANEWS

ന്യൂനമർദം ശ്രീലങ്ക-തമിഴ്നാട് തീരത്തേക്ക്; തമിഴ്നാട്ടിലെ 23 ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്, കേരളത്തിലും സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ബുധനാഴ്ചയോടെ ശ്രീലങ്ക-തമിഴ്നാട് തീരത്തേക്കടുക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇതേത്തുടർന്ന് തമിഴ്നാട് തീരദേശ മേഖലയിൽ മഴ കൂടാൻ സാധ്യതയുണ്ട്. ഡിസംബർ 13-വരെ മയിലാടുംതുറൈ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, കൂടല്ലൂർ, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. കാഞ്ചീപുരം, തിരുള്ളൂർ, ചെങ്കൽപേട്ട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ഡിസംബർ 12-ന് തമിഴ്നാട്ടിലെ 23 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. നീലഗിരി, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം, നാമക്കൽ, ദിണ്ടുക്കൽ, പുതുക്കോട്ടൈ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുംതുരൈ, അരിയലൂർ, കള്ളക്കുറിച്ചി, കടലൂർ, വിഴുപ്പുറം, ചെങ്കൽപട്ട്, കാഞ്ചിപുരം, ചെന്നൈ, തിരുവള്ളൂർ എന്നിവിടങ്ങളിലും കാരൈക്കാൽ മേഖലയിലും മഴയ്ക്ക് സാധ്യതയുണ്ട്. 13-ന് നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, തേനി, ഡിണ്ടിഗൽ, മധുര, ശിവഗംഗൈ, രാമനാഥപുരം, വിരുദുനഗർ, തെങ്കാശി, തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ താമസക്കാരോട് ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്.കഴിഞ്ഞ മാസം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റ് ശ്രീലങ്ക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നാശം വിതച്ചിരുന്നു.

കേരളത്തിലും ഈ മാസം 12 മുതൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Related Articles

Back to top button