BREAKINGINTERNATIONAL

പത്തുവര്‍ഷം കൂട്ടബലാത്സംഗം; മുന്‍ഭര്‍ത്താവിന് 20 വര്‍ഷം തടവുശിക്ഷ

അവിഞ്ഞോണ്‍(ഫ്രാന്‍സ്): ഭാര്യയായിരുന്ന ജിസേല്‍ പെലിക്കോയെ മരുന്നുനല്‍കി മയക്കി പലരെക്കൊണ്ട് പത്തുവര്‍ഷത്തോളം ബലാത്സംഗം ചെയ്യിച്ച കേസില്‍ ഡൊമിനിക് പെലിക്കോയ്ക്ക് ഫ്രഞ്ച് കോടതി 20 വര്‍ഷം തടവുശിക്ഷവിധിച്ചു. ലോകത്തെ ഞെട്ടിച്ച കേസില്‍ മൂന്നുമാസത്തിലേറെനീണ്ട വിചാരണയ്‌ക്കൊടുവിലാണ് അവിഞ്ഞോണ്‍ കോടതിയിലെ പ്രധാന ജഡ്ജി റോജര്‍ അരത വിധിപ്രസ്താവിച്ചത്. 72 വയസ്സുള്ള ഡൊമിനിക് ശിഷ്ടകാലം തടവറയില്‍ കഴിയണം.
ഡൊമിനിക്കിന്റെ പ്രേരണയില്‍ ജിസേലിനെ ബലാത്സംഗംചെയ്ത 49 പുരുഷന്മാര്‍ക്ക് 10 മുതല്‍ 18 വരെ വര്‍ഷവും മറ്റൊരാള്‍ക്ക് നാലുവര്‍ഷവും തടവുശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടു. വിധിപറയുമ്പോള്‍ ജിസേല്‍ കോടതിമുറിയിലുണ്ടായിരുന്നു. ബലാത്സംഗക്കേസില്‍ ഫ്രാന്‍സ് നല്‍കുന്ന പരമാവധി ശിക്ഷയാണ് 20 വര്‍ഷം തടവ്.
ജിസേലിനെ മരുന്നുനല്‍കി അബോധാവസ്ഥയിലാക്കി അപരിചിതരെക്കൊണ്ട് ബലാത്സംഗം ചെയ്യിച്ച് അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുകയായിരുന്നു ഡൊമിനിക്. 2011 ജൂലായ്മുതല്‍ 2020 ഒക്ടോബര്‍വരെ ഇതുചെയ്തു. 2020-ല്‍ മറ്റൊരു കേസില്‍ പിടിയിലായ ഡൊമിനിക്കിന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഫോണുകളിലും ഹാര്‍ഡ് ഡ്രൈവുകളിലുമായി സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തിലേറെ അശ്‌ളീലദൃശ്യങ്ങളും ചിത്രങ്ങളും കണ്ടെടുത്തിരുന്നു.
ബലാത്സംഗത്തിനിരയായ സ്ത്രീക്ക് സ്വന്തം വിവരങ്ങള്‍ സമൂഹത്തില്‍നിന്ന് മറച്ചുവെക്കാന്‍ ഫ്രാന്‍സ് നിയമപരമായി അവകാശം നല്‍കുന്നുണ്ട്. എന്നാല്‍, ഈ അവകാശം വിനിയോഗിക്കാനില്ലെന്ന് അറിയിച്ച് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ജിസേലിനെ ഫെമിനസത്തിന്റെ ധീരപ്രതീകമായാണ് കണക്കാക്കുന്നത്.
സ്വന്തം വിവരങ്ങള്‍ സമൂഹത്തില്‍നിന്ന് മറച്ചുവെക്കാനുള്ള അവകാശം വിനിയോഗിക്കാതെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ജിസേലിനെ ഫെമിനസത്തിന്റെ ധീരപ്രതീകമായാണ് കണക്കാക്കുന്നത്.

Related Articles

Back to top button