BREAKINGINTERNATIONAL

പാക് യൂട്യൂബ് ചാനലില്‍ കണ്ടത് 22 വര്‍ഷം മുമ്പ് ദുബായിലേക്ക് പോയ ഇന്ത്യക്കാരിയെ; പിന്നാലെ തിരിച്ചു വരവ്

22 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ ഇന്ത്യന്‍ സ്ത്രീയെ പാകിസ്ഥാനില്‍ നിന്നുള്ള ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയില്‍ കണ്ടെത്തി. . 75-കാരിയായ ഹമീദ ബാനുവിന്റെ കൊച്ചു മകനാണ് ഇവരെ യൂട്യൂബ് ചാനലിലൂടെ തിരിച്ചറിഞ്ഞത്. ഇതേ തുടര്‍ന്ന് ഹമീദ ബാനുവിനെ നാട്ടിലേക്ക് തിരിച്ചെത്തിച്ചു. തിരിച്ചെത്തിയ ഹമീദ ബാനും പാകിസ്ഥാനിലെ തന്റെ 22 വര്‍ഷത്തെ ജീവിതത്തെ കുറിച്ച് വിശേഷിപ്പിച്ചത് ‘ജീവനുള്ള ശവം’ എന്നായിരുന്നു.
ദുബായില്‍ വീട്ടുജോലി വാഗ്ദാനം ചെയ്ത മനുഷ്യക്കടത്തുക്കാര്‍, ഹമീദ ബാനുവിനെ 2002 -ലാണ് പാകിസ്ഥാനിലേക്ക് കൊണ്ട് പോയത്. 22 വര്‍ഷത്തോളം ഈ വേര്‍പിരിയല്‍ താന്‍ സഹിക്കുകയായിരുന്നെന്ന് അവര്‍ ഇന്ത്യയിലെത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നാല് മക്കളെ വളര്‍ത്താനായി ഏറെ കഷ്ടപ്പെട്ടിരുന്ന വിധവയായ ഹമീദ ബാനുവിനോട് ദുബായില്‍ പാചകക്കാരിയായി ജോലി വാങ്ങിത്തരാമെന്നായിരുന്നു ഒരു റിക്രൂട്ട്‌മെന്റ് ഏജന്റ് പറഞ്ഞത്. ഈ ജോലിക്കായി ഹമീദ ബാനു അന്ന് ഏജന്റിന് 20,000 രൂപയും നല്‍കി. എന്നാല്‍, ഏജന്റ് ഹമീദ ബാനുവിനെ പാകിസ്ഥാനിലെ ഹൈദരാബാദിലേക്കായിരുന്നു കൊണ്ട് പോയത്.
മൂന്ന് മാസത്തോളം അവിടെ ഒരു വീട്ടില്‍ പാര്‍പ്പിച്ച ശേഷം ഹമീദയെ നിര്‍ബന്ധിപ്പിച്ച് കറാച്ചിയിലുള്ള ഒരു വഴിയോരക്കച്ചവടക്കാരനെ കൊണ്ട് വിവാഹം കഴിപ്പിച്ചു. എന്നാല്‍ കൊവിഡ് 19 പിടിപെട്ട് ഇയാള്‍ മരിച്ചു. അദ്ദേഹം തന്നെ ഒരിക്കലും ഉപദ്രവിച്ചിട്ടില്ലെന്നാണ് ഹമീദ ബാനു പറയുന്നത്. ഒടുവില്‍ 2022 ജൂലൈയില്‍ പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് വലിയുല്ല മറൂഫ് തന്റെ യൂട്യൂബ് ചാനലിന് വേണ്ടി ഹമീദ ബാനുവിന്റെ അഭിമുഖം എടുത്തു. ഇന്ത്യന്‍ പത്രപ്രവര്‍ത്തകനായ ഖല്‍ഫാന്‍ ഷെയ്ഖ് ഈ വീഡിയോ കാണുകയും അത് തന്റെ സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
2023 ല്‍ ഈ വീഡിയോ കണ്ടാണ്, ഹമീദ ബാനുവിനെ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത കൊച്ചുമകന്‍ തിരിച്ചറിഞ്ഞത്. കൊച്ചുമകന്‍ തിരിച്ചറിഞ്ഞത് മുത്തശ്ശിയെ തന്നെയാണെന്ന് വീട്ടുകാരും സ്ഥിരീകരിച്ചു. പിന്നാലെ കുടുംബം പാകിസ്ഥാനിലെ ഹമീദ ബാനുവിനുമായി ബന്ധപ്പെട്ടു. ഇതോടെ ഇരുരാജ്യത്തെയും സര്‍ക്കാര്‍ തലത്തില്‍ ഹമീദയുടെ തിരിച്ച് വരവിന് വഴി ഒരുങ്ങുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പ് വീഡിയോ ചെയ്തപ്പോള്‍ തനിക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും ഹമീദ ബാനു കൂട്ടിച്ചേര്‍ത്തു.

****

Related Articles

Back to top button