ബിജെപി നേതൃത്വത്തോടുള്ള അതൃപ്തി സ്ഥിരീകരിച്ചും എണ്ണിപ്പറഞ്ഞും സന്ദീപ് വാര്യർ. അപമാനം നേരിട്ടതിനാൽ പാലക്കാട് പ്രചാരണത്തിന് പോകില്ലെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി. തന്നെ നിരന്തരം അവഗണിക്കപ്പെട്ടെന്നും ഇപ്പോഴും ബിജെപിയിൽ തന്നെയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. അപമാനിക്കപ്പെട്ട സ്ഥലത്തേക്ക് തിരിച്ചുപോകില്ലെന്നത് ആത്മാഭിമാനമുള്ള ഒരു മനുഷ്യനായതുകൊണ്ടാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു
പാർട്ടി തന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് സന്ദീപ് പറഞ്ഞു. എതിർചേരിയിൽപ്പെട്ടവർ പോലും പലപ്പോഴും വ്യക്തിപരമായ വിഷമഘട്ടത്തിൽ കൂടെയുണ്ടായിരുന്നുവെന്ന് സന്ദീപ് പറയുന്നു. സി കൃഷ്ണകുമാർ തന്നെ വിളിച്ചതായി ഓർമയില്ലെന്ന് അദ്ദേഹം പറഞ്ഞു. അമ്മ മരിച്ചപ്പോൾ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും വെച്ചില്ലെന്നത് വസ്തുതയാണ്. ആ വസ്തുത മനസിൽ വിങ്ങലായി കിടക്കുന്നതാണെന്ന് സന്ദീപ് പറഞ്ഞു. തന്റെ അനുഭവം ഇതാണെങ്കിൽ മറ്റുള്ളവരുടെ അനുഭവം എന്താണെന്ന് സൂചിപ്പിക്കുക മാത്രമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞതെന്ന് സന്ദീപ് മാധ്യമങ്ങളോട് പ്രതികരിച്ചു.