കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലയുടെ വിധി എന്താകുമെന്ന ആകാംക്ഷയിലാണ് നാട്. വരുംദിവസങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചയ്ക്കും വാദപ്രതിവാദത്തിലേക്കുമെത്തിയേക്കാവുന്ന വിധിയെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിക്കാരും ഒരുപോലെ ഉറ്റുനോക്കുന്നു. സി.പി.എം. നേതാക്കള്‍ നിരവധിപേരാണ് പ്രതിപ്പട്ടികയിലുള്ളത്. ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടിട്ട് ആറുവര്‍ഷമാകാന്‍പോകുന്നു. നേതാക്കള്‍ ഒന്നിലേറെപ്പേര്‍ ഉള്‍പ്പെടെ എട്ടുപ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.
മറ്റുള്ളവര്‍ ഇതുവരെയും ഒരിക്കല്‍പ്പോലും ജയിലില്‍നിന്ന് പുറത്തുവന്നിട്ടില്ല. ഹൊസ്ദുര്‍ഗ് കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും തുടര്‍നടപടി തുടങ്ങുംമുന്‍പേ ഹൈക്കോടതി കേസ് സി.ബി.ഐ.ക്ക് വിട്ടു.
രണ്ടുവര്‍ഷത്തോളം നടന്ന വിചാരണയാണ് സി.ബി.ഐ. കോടതിയില്‍ നടന്നത്. പ്രോസിക്യൂഷന്‍ ഭാഗത്ത് 154 പേരും പ്രതിഭാഗത്ത് മൂന്നുപേരുമാണ് സാക്ഷികളായുണ്ടായിരുന്നത്. അതേസമയം വെള്ളിയാഴ്ച കല്യോട്ട് ഭഗവതി ക്ഷേത്രത്തില്‍ നാട്ടുകാരുടെ കൂട്ടപ്രാര്‍ഥനയായിരുന്നു.
ശരത്ലാലിന്റെ മാതാപിതാക്കളായ പി.കെ. സത്യനാരായണന്‍, ലത, സഹോദരി അമൃത, കൃപേഷിന്റെ മാതാപിതാക്കളായ പി.വി. കൃഷ്ണന്‍, ബാലാമണി, ശരത്തിന്റെയും കൃപേഷിന്റെയും മറ്റു ബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവരെല്ലാം ക്ഷേത്രത്തിലെത്തിയിരുന്നു.
ഇരട്ടക്കൊലക്കേസിന്റെ വിധി വരുന്ന പശ്ചാത്തലത്തില്‍ പെരിയയിലും കല്യോട്ടും പോലീസ് കാവല്‍ ശക്തമാക്കി. കല്യോട്ട്, മേലെ കല്യോട്ട്, ഏച്ചിലടുക്കം എന്നിവിടങ്ങളില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. എ.എസ്.പി. ഡോ. എസ്. അപര്‍ണ, ബേക്കല്‍ ഡിവൈ.എസ്.പി. വി.വി. മനോജ്, ബേക്കല്‍, മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍മാരായ കെ.പി. ഷൈന്‍, എ. സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സ്റ്റേഷനുകളില്‍നിന്നെത്തിയ നൂറോളം പോലീസുകാരാണ് റൂട്ട് മാര്‍ച്ച് നടത്തിയത്.
കോണ്‍ഗ്രസ്, സി.പി.എം. നേതാക്കളെ വെവ്വേറെ വിളിച്ച് പോലീസ് ചര്‍ച്ചനടത്തി. പെരിയമുതല്‍ കല്യോട്ടുവരെയുള്ള എല്ലാ ഇടങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
75 1 minute read