BREAKINGKERALANEWS

പെരിയ ഇരട്ട കൊലപാതക കേസ്; മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കം 14 പ്രതികള്‍ കുറ്റക്കാര്‍

പെരിയ ഇരട്ട കൊലപാതക കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ശിക്ഷിക്കപ്പെട്ട 14 പേരില്‍ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമനും ഉള്‍പ്പെട്ടത് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. കൂടാതെ ഇതില്‍ ആറ് പേര്‍ സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകരോ പാര്‍ട്ടി ചുമതലകളില്‍ ഉണ്ടായി.പീതാംബരന്‍ (മുന്‍ പെരിയ എല്‍സി അംഗം), സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), എ. മുരളി, രഞ്ജിത്ത് (അപ്പു), കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), .എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ കുഞ്ഞിരാമന്‍)(മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (രാഘവന്‍ നായര്‍) (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്‌കരന്‍ എന്നിവരുള്‍പ്പടെയുള്ളവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

 

പ്രദീപ് (കുട്ടന്‍), ബി. മണികണ്ഠന്‍ (ആലക്കോട് മണി), എന്‍. ബാലകൃഷ്ണന്‍ (മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി), എ. മധു (ശാസ്ത മധു-അഞ്ചാംപ്രതി ജിജിന്റെ പിതാവ്), റെജി വര്‍ഗീസ്, എ. ഹരിപ്രസാദ്, പി. രാജേഷ്(രാജു) വി. ഗോപകുമാര്‍ (ഗോപന്‍ വെളുത്തോളി), പി.വി. സന്ദീപ് (സന്ദീപ് വെളുത്തോളി) എന്നിവരാണ് കുറ്റവിമുക്തര്‍.

 

2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ ശരത്‌ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. സിപിഐഎം പെരിയ ലോക്കല്‍ സെക്രട്ടറിയായിരുന്ന ഒന്നാം പ്രതി എ. പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

 

കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടു കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപച്ചത്. അപകടം മണത്ത സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.

 

സിബിഐ അറസ്റ്റ് ചെയ്ത 10 പേരില്‍ കെ.വി.കുഞ്ഞിരാമനും രാഘവന്‍ വെളുത്തോളിയുമുള്‍പ്പെടെ 5 പേര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. സിപിഐഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി.രാജേഷ് ഉള്‍പ്പെടെ ബാക്കിയുള്ള അഞ്ചുപേര്‍ ഇപ്പോള്‍ കാക്കനാട് ജയിലിലാണ്. 2023 ഫെബ്രുവരിയിലാണു സിബിഐ കോടതിയില്‍ വിചാരണ തുടങ്ങിയത്. വിചാരണ നടപടികള്‍ പൂര്‍ത്തീകരിച്ചു പ്രതികളെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്കു കടക്കുന്നതിനിടെ സിബിഐ കോടതി ജഡ്ജി കെ.കമനീഷ് സ്ഥലം മാറി. തുടര്‍ന്നു വന്ന ജഡ്ജി ശേഷാദ്രിനാഥനാണു തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി വിധി പറയുന്നത്.

 

Related Articles

Back to top button