BREAKINGKERALA
Trending

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ

കൊച്ചി: എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ഭാര്യ. ഇപ്പോള്‍ നടക്കുന്ന കേസന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നുമാണ് ആവശ്യം. സിപിഎം നേതാവ് പ്രതിയായ കേസില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും അതിനാല്‍ സി ബി ഐ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
നവീന്‍ ബാബുവിന്റെ മരണത്തിന് ആരൊക്കെയാണോ ഉത്തരവാദികള്‍ അവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് യാതൊരു നീക്കുപോക്കും ഇല്ലാത്ത സാഹചര്യത്തിലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്നും കളക്ടറുടെയും പമ്പിന് അനുമതി തേടിയ പ്രശാന്തന്റെയും ഫോണ്‍ കോള്‍ വിവരങ്ങളും ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങളും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബത്തിന്റെ അഭിഭാഷകന്‍ ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കവേ തലശേരി കോടതിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. ജില്ലാ കളക്ട്രേറ്റിലെ സിസിടിവി ദൃശ്യങ്ങളും കളക്ടറുടെ രണ്ട് നമ്പറുകളിലെയും കോള്‍ റെക്കോര്‍ഡിങും സംരക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തടസപെടുത്തുകയല്ല ഉദ്ദേശമെന്നും അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകള്‍ സംരക്ഷിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button