കണ്ണൂര്‍: കമ്യൂണിസ്റ്റുപാര്‍ട്ടികളെ തകര്‍ക്കാന്‍ അമേരിക്കന്‍ സര്‍വകലാശാലയില്‍ പ്രത്യേക പരിശീലനം നല്‍കുന്നുവെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. പോസ്റ്റ്മോഡേണ്‍ എന്ന പേരില്‍ ഇതിന് പ്രത്യേകം പരിശീലനം നല്‍കുന്നു. പരിശീലനം ലഭിച്ചവര്‍ ഇന്ത്യയിലെ പല മേഖലകളിലായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇ.പി. ജയരാജന്‍ ആരോപിച്ചു. സി.പി.എം. പാപ്പിനിശ്ശേരി ഏരിയാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ.പി. ജയരാജന്റെ വാക്കുകള്‍:
പാര്‍ട്ടിയെ തകര്‍ക്കാനുള്ള മാര്‍ഗം പാര്‍ട്ടി നേതൃത്വത്തെ ആക്രമിക്കലാണ്. ഇപ്പോള്‍ അതാണ് നടന്നുകൊണ്ടിരിക്കുന്നത്. അത് ചെറിയ പരിപാടിയല്ല. അമേരിക്കന്‍ യൂണിവേഴ്സിറ്റി, പ്രത്യേക പരിശീലനം കൊടുത്ത്, പോസ്റ്റ്മോഡേണ്‍ എന്ന പേരില്‍ പരിശീലനംകൊടുത്ത് ഇന്ത്യയിലേക്ക് അയക്കുകയാണ്. അവര്‍ ഇന്ത്യയില്‍ പലമേഖലകളിലുമായി പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്.
ആ പോസ്റ്റ്മോഡേണിന്റെ ഭാഗമായി ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്… ഇവിടെ തകര്‍ക്കേണ്ടത് ഇടതുപക്ഷത്തെയാണ്, സി.പി.എമ്മിനെയാണ്. സി.പി.എം. തകര്‍ന്നാല്‍ വലതുപക്ഷ ശക്തികള്‍ക്ക് വേറൊന്നും നോക്കേണ്ടതില്ല. അതിനുള്ള കടുത്ത ആക്രമണമല്ലേ… ഈ ആക്രമണത്തെ പ്രതിരോധിച്ചില്ലെങ്കില്‍ സ്ഥിതി എന്തായിത്തീരും? ലോകത്തെ പല കമ്യൂണിസ്റ്റ് പാര്‍ട്ടികളേയും തകര്‍ത്തത് അങ്ങനെയാണ്.
അതിന്റെ എല്ലാ തത്വങ്ങളും രീതികളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി. ആ പാര്‍ട്ടി നേതൃത്വത്തെ ആക്രമിക്കുക, ദുര്‍ബലപ്പെടുത്തുക. അതിന് വേണ്ടി വാര്‍ത്താമാധ്യമങ്ങളെ പൂര്‍ണമായി ഉപയോഗിക്കുകയാണ്. പണംകൊടുത്ത് പ്ലാന്‍ ചെയ്ത് നടത്തുകയാണ്. ഇത് മനസിലാക്കി ഉയര്‍ന്നു പ്രവര്‍ത്തിക്കണം. പാര്‍ട്ടിയെ തകര്‍ക്കാന്‍ ഒരാളേയും അനുവദിക്കില്ല.
55 1 minute read