ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. പി.എഫ് റീജിയണല്‍ കമ്മീഷണര്‍ ശദാക്ഷരി ഗോപാല്‍ റെഡ്ഡിയാണ് പുലകേശി നഗര്‍ പോലീസിനോട് വേണ്ട നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
സെഞ്ച്വറീസ് ലൈഫ്‌സ്‌റ്റൈല്‍ ബ്രാണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്ഥാപനം ഉത്തപ്പ നടത്തിയിരുന്നു. ഇവിടെ ജോലി ചെയ്യുന്നവരുടെ ശമ്പളത്തില്‍ നിന്ന് നിശ്ചിത തുക പ്രൊവിഡന്റ് ഫണ്ടിലേക്ക് പിടിച്ചിരുന്നെങ്കിലും നിക്ഷേപിച്ചിരുന്നില്ല. 23 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ കമ്പനി വെട്ടിച്ചതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതാണ് റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ കാരണം.
ഈ മാസം നാലിന് അയച്ച കത്തില്‍ വാറണ്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്ന് പി.എഫ് റീജിയണല്‍ കമ്മീഷണര്‍ പോലീസിനോട് അറിയിച്ചു. എന്നാല്‍ പുലകേശിനഗറിലെ വസതിയില്‍ ഉത്തപ്പ താമസിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വാറണ്ട് തിരിച്ചയച്ചെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉത്തപ്പ കുടുംബസമേതം ദുബായിലാണ് താമസമെന്നാണ് വിവരം.
റോബിന്‍ ഉത്തപ്പയെ ഡിസംബര്‍ 27നകം അറസ്റ്റ് ചെയ്യാനും വാറണ്ട് തിരികെ നല്‍കാനുമാണ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. 59 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഉത്തപ്പ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനും നിയമപരമായ ശിക്ഷ ഉറപ്പാക്കുന്നതിനുമായി ഉത്തപ്പ എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍ ഇപ്പോള്‍.
77 1 minute read