BREAKINGKERALA

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്

കൊച്ചി: യുവതിയുടെ പീഡന പരാതിയില്‍ ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് അന്വേഷണസംഘത്തെ അറിയിച്ച് നടന്‍ സിദ്ധിഖ്. അഭിഭാഷകന്‍ മുഖേന മെയില്‍ വഴിയാണ് സിദ്ധിഖ് പ്രത്യേക അന്വേഷണസംഘത്തെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവെച്ച പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ഉള്‍പ്പെടെ സിദ്ധിഖിനെതിരെയുണ്ട്.
തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് അവസരം വാഗ്ദാനം ചെയ്ത് സിദ്ധിഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചില സാഹചര്യത്തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സിദ്ധിഖ് ഹൈക്കോടതിയിലെത്തിയെങ്കിലും കോടതി ഹര്‍ജി തള്ളി.
ഇതോടെ ഒളിവില്‍ പോയ സിദ്ധിഖ് സുപ്രീംകോടതിയെ സമീപിച്ചു. സിദ്ധിഖിനായി പോലീസ് തിരച്ചില്‍ വ്യാപിപ്പിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രതിയെ അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് നിര്‍ദേശിച്ച് സുപ്രീംകോടതി കേസ് മാറ്റിവെച്ചതോടെ സിദ്ധിഖ് എറണാകുളത്ത് അഭിഭാഷകനെ കാണാനെത്തി.
ഇതിനുശേഷവും അന്വേഷണസംഘം ചോദ്യംചെയ്യലിന് വിളിപ്പിക്കാത്ത സാഹചര്യത്തിലാണ് സിദ്ധിഖ് എവിടെ ഹാജരാകാനും തയ്യാറാണെന്നറിയിച്ച് മെയില്‍ അയച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മുന്‍കൂര്‍ജാമ്യഹര്‍ജി പരിഗണിക്കവേ സിദ്ധിഖിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകാമെന്നറിയിച്ചത് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴും നിര്‍ണായകമാകും.

Related Articles

Back to top button