രാജ്യത്തെ നിമയത്തിലുള്ള പഴുത് ഉപയോഗിച്ച് സ്വന്തം ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ച് ഭാര്യയും കാമുകനും ഒടുവില്‍ ജയിലിലായി. സംഭവം ചൈനയിലാണ്. ചൈനീസ് പരമ്പരാഗത നിയമം അനുസരിച്ച് വിവാഹ സമയത്ത് വരന്‍ വധുവിന് വധുവില നല്‍കണം. ഇന്ത്യയിലെ സ്ത്രീധനം പോലെ അവിടെ പുരുഷന്മാരാണ് സ്ത്രീകള്‍ക്ക് പണം നല്‍കേണ്ടത്. ഇതാണ് വധു വില എന്ന് അറിയപ്പെടുന്നത്. എന്നാല്‍, എപ്പോഴെങ്കിലും ഭര്‍ത്താവ് വേശ്യകളോടൊപ്പം പിടിക്കപ്പെട്ടാല്‍ വധു വില തിരികെ നല്‍കാതെ തന്നെ ഭാര്യയ്ക്ക് വിവാഹ മോചനത്തിന് അപേക്ഷിക്കാമെന്നും ചൈനീസ് ആചാരം അനുശാസിക്കുന്നു. ഈ നിയമ പഴുത് ഉപയോഗിച്ചാണ് യുവതി തന്റെ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ചതെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭര്‍ത്താവ് വിവാഹ സമയത്ത് നല്‍കുന്ന പണം സ്വന്തമാക്കുകയും ആ പണം ഉപയോഗിച്ച് സാമ്പത്തിക ബാധ്യത തീര്‍ക്കുകയുമായിരുന്നു സിയോങ് എന്ന യുവതിയുടെ ശ്രമം. ഇതിനായി സിയോങ് തന്റെ കാമുകനായ ലീയുടെയും ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട രണ്ട് സുഹൃത്തുക്കളുടെയും സഹായം തേടി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനിടെയായിരുന്നു സിയോങ് ഇത്തരമൊരു കടുംകൈയ്ക്ക് സമ്മതിച്ചതെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പദ്ധതി മുന്നോട്ട് വച്ചത് കാമുകനും മറ്റ് രണ്ട് സുഹൃത്തുക്കളുമായിരുന്നു. ചൈനയില്‍ വിവാഹം കഴിക്കാന്‍ സ്ത്രീകളെ ലഭിക്കാത്ത പുരുഷന്മാരെയാണ് ഇതിനായി ഇവര്‍ നോട്ടമിട്ടത്.
ഒരു മാച്ച് മേക്കിംഗ് ഏജന്‍സിയുമായി വിവാഹ കാര്യത്തിന് ബന്ധപ്പെട് സിയോങ്, ബാവോ എന്നയാളെ കണ്ടെത്തി. വളരെ പെട്ടെന്ന് തന്നെ ഇരുവരുടെയും വിവാഹവും രജിസ്റ്റര്‍ ചെയ്തു. വിവാഹ സമയത്ത് ബാവോ വധുവിലയായി സിയോങിന് 1,36,666 യുവാനാണ് (ഏകദേശം 13.7 ലക്ഷം രൂപ) സമ്മാനിച്ചത്. ഒപ്പം , 48,000 യുവാന്റെ (ഏകദേശം 4.8 ലക്ഷം രൂപ) ആഭരണങ്ങളും ഇയാള്‍ ഭാര്യയ്ക്കായി സമ്മാനിച്ചു. വിവാഹ ചടങ്ങുകള്‍ക്ക് പിന്നാലെ ഹണിമൂണിനായി ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഗുയിഷൗവിലെ ലോങ്‌ലി കൗണ്ടിയിലേക്ക് മടങ്ങി. ഈ സമയമാണ് തങ്ങളുടെ പദ്ധതി നടപ്പാക്കാനായി സിയോങും കാമുകനും സുഹൃത്തുക്കളും പദ്ധതിയിട്ടിരുന്നത്. ഭാര്യാഭര്‍ത്താന്മാര്‍ ഭക്ഷണം കഴിക്കാനായി പോകവെ സിയോങിന്റെ അടുത്ത ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്തിയ ലീ, ബാവോയോട് ഒരു വേശ്യയെ സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, ലീയുടെ ആവേശം കണ്ട് സംശയം തോന്നിയ ബാവോ ഉടനെ പോലീസിനെ വിളിക്കുകയായിരുന്നു. പോലീസെത്തി നാല് പേരെയും അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാവോയെ ചതിച്ച് വധു വില തട്ടാനുള്ള ശ്രമമായിരുന്നെന്ന് വിവാഹമെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ കോടതി, നാല് പേര്‍ക്കും ജയില്‍ ശിക്ഷ വിധിച്ചു. ബാവോ നല്‍കിയ പണം തിരികെ നല്‍കാനും കോടതി ഉത്തരവിട്ടെന്നും സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
180 1 minute read