തിരുവനന്തപുരം: മല്ലപ്പളളിയില് നടത്തിയ ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരായ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയേക്കില്ല. വ്യക്തി എന്ന നിലയില്‍ സജി ചെറിയാന് പ്രത്യേകാനുമതിയോടെ അപ്പീല്‍ നല്‍കാമെന്നാണ് ധാരണ. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍സിന്റെ ഓഫീസ് നല്‍കിയിരികുന്ന പ്രാഥമിക നിയോമോപദേശം ഇങ്ങനെയാണ്. ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാരായിരുന്നു എതിര്‍കക്ഷി. തന്നെ കേള്‍ക്കാതെയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടതെന്ന വാജം ഉയര്‍ത്തി സജി ചെറിയാന് കോടതിയെ സമീപിക്കാമെന്നാണ് വിലയിരുത്തല്‍.
മല്ലപ്പളളി പ്രസംഗത്തിന്റെ പേരില്‍ സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്കിയ സംസ്ഥാന പൊലീസ് നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ഉത്തരവ്. സംസ്ഥാന പൊലീസ് അന്വേഷണം അപൂര്‍ണമാണ്. അത് ശരിയായ വിധത്തില്‍ ഉളളതായിരുന്നില്ല. വസ്തുതകളുടെ കൃത്യവും ശാസ്ത്രീയവുമായ പരിശോധന നടന്നില്ല. കേസ് അവസാനിപ്പിച്ചത് വേഗത്തില്‍ ആയിപ്പോയി. പ്രസംഗത്തിന്റെ ഫൊറന്‍സിക് റിപ്പോര്‍ട്ട് വരും മുന്‍പേ അന്വേഷണ ഉദ്യോഗസ്ഥന് കേസ് അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയത് ഒട്ടും ശരിയായില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വിമര്‍ശനമുണ്ട്.
പ്രസംഗത്തിന്റെ ദൃശ്യവും ശബ്ദ സാമ്പിളുകളുടെ ശരിയായ പരിശോധനയും റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയില്ല. സാക്ഷി മൊഴികള്‍ പോലും കൃത്യമായി രേഖപ്പെടുത്തിയില്ല. പ്രസംഗം കേട്ട മാധ്യമ പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്താന്‍ പോലും പൊലീസ് തയാറായില്ല. വസ്തുതകള്‍ പരിശോധിക്കാതെയുളള തികച്ചും അപക്വമായ അന്വേഷണമാണ് നടന്നത്. ഈ റിപ്പോര്‍ട്ട് അതേപടി സ്വീകരിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ നടപടിയും ഉചിതമായില്ലെന്നും കോടതി നിരീക്ഷിച്ചു. റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് കൂടി റദ്ദാക്കിക്കൊണ്ടൈാണ് സംസ്ഥാന ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്.
47 1 minute read